തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴിയുള്ള സ്വര്ണക്കടത്തിനു പിന്നില് പ്രവര്ത്തിക്കുന്നത് വമ്പന് സംഘമാണെന്ന വിവരങ്ങള് പുറത്തു വന്നിരിക്കുകയാണ്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മുന്മാനേജര്മാരുടെ പങ്കു വെളിപ്പെട്ട സാഹചര്യത്തില് ബാലഭാസ്കറിന്റെ മരണത്തിലും ദുരൂഹതയേറുകയാണ്. ബാലഭാസ്കറിന്റെ വിദേശയാത്രകള് മറയാക്കി മാനേജര്മാരായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും നിരവധി തവണ സ്വര്ണ്ണം കടത്തിയെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
ബാലഭാസ്കര് മരിക്കുന്നതിന് ആറുമാസം മുമ്പ് ഇത് കൈയ്യോടെ പിടികൂടിയിരുന്നു. അതോടെ ബാലു മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് ഉണ്ണി പറയുന്നു. വിദേശത്തു നിന്ന് വന്നശേഷം കോഴിക്കോട് ഒരു പരിപാടിയുണ്ടായിരുന്നു. അവിടെയെത്തിയെങ്കിലും മാനസിക വിഷമം കൊണ്ട് സ്റ്റേജില് കയറാനായില്ല. സുഹൃത്തുക്കളുടെ നിര്ബന്ധത്തിനു വഴങ്ങി സ്റ്റേജില് കയറിയെങ്കിലും വയലിന് വായിക്കാന് അദ്ദേഹത്തിനായില്ല.
അവസാനം കാണികളോട് സോറി പറഞ്ഞ് സ്റ്റേജില് നിന്നിറങ്ങി. തിരിച്ചെത്തിയ ബാലു ഫേസ്ബുക്ക് ലൈവിലൂടെ തന്റെ മ്യൂസിക് ബാന്ഡ് പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. ‘സ്വന്തമെന്നു കരുതിയവര്, കൂടെയുണ്ടായിരുന്നവര് നമ്മളെ ചതിച്ചാല് അത് സഹിക്കാനാകില്ല. അങ്ങനെ വരുമ്പോള് ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല. ഇനിയും കൂടുതല് ചതിയിലേക്ക് പോകാന് ഞാനില്ല. തത്കാലം ബാന്ഡ് പിരിച്ചുവിടുന്നു’ എന്നായിരുന്നു ബാലഭാസ്കറിന്റെ കുറിപ്പ്.
വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും വഴിവിട്ടുള്ള ഇടപാടുകള് തിരിച്ചറിഞ്ഞതോടെയാണ് ബാലഭാസ്കര് അസ്വസ്ഥനായതെന്ന് ഉണ്ണി പറഞ്ഞു. പാലക്കാട്ടെ വിവാദ ഡോക്ടറുമായി ഇരുവര്ക്കും നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ടു മാനേജര്മാരും വിദേശ യാത്രകള് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്ണക്കടത്ത് കേസില് റിമാന്ഡില് കഴിയുന്ന പൂജപ്പുര സ്വദേശി സുനില്കുമാറിന്റെ ബന്ധുവാണ് പ്രകാശ് തമ്പി. സുനില്കുമാറാണ് പ്രകാശ് തമ്പിയെ സ്വര്ണക്കടത്തിലേക്ക് ഇറക്കിയത്.
ബാലഭാസ്കര് വിദേശത്ത് പ്രോഗ്രാം അവതരിപ്പിക്കാന് പോകുന്നതു മറയാക്കി കൂടുതല് സ്വര്ണ്ണം കടത്തുകയായിരുന്നു ലക്ഷ്യം. പ്രധാന പ്രതി അഡ്വ. ബിജുവിനെ പ്രകാശിന് പരിചയപ്പെടുത്തിക്കൊടുത്തതും സുനില് കുമാറായിരുന്നു. ബിജുവാണ് ബാലുവിനെ മറയാക്കി സ്വര്ണ്ണം കടത്താന് ബുദ്ധി ഉപദേശിച്ചത്. ആറുതവണ വിദേശ കറന്സിയും സ്വര്ണവും കടത്തിയതായി പ്രകാശ് ചോദ്യം ചെയ്യലില് സമ്മതിച്ചിരുന്നു. ഇവരുടെ കള്ളക്കളി കണ്ടുപിടിച്ചതോടെ ബാലഭാസ്കറുമായി വിഷ്ണുവിനും പ്രകാശിനും വിരോധമുണ്ടായിട്ടുണ്ടാകാമെന്ന് ഉണ്ണി പറഞ്ഞു. വിവാദ ഡോക്ടര്ക്കും ഈ ഗാംഗുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി അദ്ദേഹം പറഞ്ഞു. ഇയാളും വിദേശത്തു നിന്ന് സ്വര്ണ്ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.
എന്നാല് സ്വര്ണക്കടത്ത് കേസില് പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര് ബാലഭാസ്കറിന്റെ മാനേജര്മാര് അല്ലായിരുന്നുവെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്ഡിനേഷന് മാത്രമേ ഇവര് നടത്തിയിരുന്നുള്ളൂ എന്നുമാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. സ്വര്ണക്കടത്തു സംഘത്തിന്റെ കരങ്ങള് ബാലഭാസ്കര് മരിക്കാനിടയായ വാഹനാപകടത്തിനു പിന്നില് ഉണ്ടോയെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.