തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടികൾക്കായി പ്രധാനമന്ത്രി കഴിഞ്ഞ 15നു കേരളത്തിലെത്തിയിരുന്നു.
ഇനി 19നും തെരഞ്ഞെടുപ്പു പര്യടനത്തിനായി പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നുണ്ട്. പാലക്കാടാണ് അദ്ദേഹം എത്തിച്ചേരുക. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണു പ്രധാനമന്ത്രി എത്തുന്നതെങ്കിലും സുരക്ഷയും മറ്റു മുന്നൊരുക്കങ്ങളും ആവശ്യമായ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കേണ്ടതുണ്ട്.
ഇതിന്റെ ചെലവുകൾക്കായാണ് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചത്. വിവിഐപി സന്ദർശനത്തിന്റെ ചെലവെന്നാണ് 15നു ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്ക് 25 ലക്ഷം അനുവദിക്കണമെന്ന് മാർച്ച് 12നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് കത്തു ലഭിച്ചത്. തുടർന്നു ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നൽകിയതോടെ 15ന് ധനവകുപ്പ് പണം അനുവദിച്ചു.