കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലെ വിഐപി തടവുകാര്‍ക്ക് കൂച്ചുവിലങ്ങുമായി ജയില്‍വകുപ്പ് ! രാഷ്ട്രീയ സ്വാധീനമുള്ള തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായതോടെയാണ് ജയില്‍ മേധാവി ഓരോ ജയിലുകളിലും മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ഡിഐജിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇപ്രകാരം സന്ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കണമെന്നും നിര്‍ദേശിച്ചതായാണ് വിവരം.സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് സോണുകളിലായുള്ള ഡിഐജിമാര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജയിലുകളില്‍ പരിശോധനകള്‍ നടത്തും.
സൂപ്രണ്ടുമാരോടും അവരവരുടെ ജയിലുകളിലെ സെല്ലുകളില്‍ അപ്രതീക്ഷിതമായി പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോടതികളില്‍ നിന്നെത്തുന്ന തടവുകാരുടെ ദേഹപരിശോധന കര്‍ശനമാക്കണമെന്നും യാതൊരു വിധത്തിലും ലഹരി വസ്തുക്കള്‍ ജയിലില്‍ എത്തരുതെന്നും സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജയില്‍ ഡിഐജിമാര്‍ അവരുടെ അധികാര പരിധിയിലുള്‍പ്പെടുന്ന ജയിലുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്തും. ഉത്തരമേഖലയില്‍ രണ്ടാഴ്ചക്കിടെ മൂന്ന് ജയിലുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായി ജയില്‍ ഡിഐജി വിനോദ്കുമാര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജയിലുകളിലായിരുന്നു പരിശോധന.
ഇളവുകള്‍ റദ്ദാക്കി
ജയിലുകളില്‍ വിഐപി തടവുകാര്‍ അനുഭവിച്ചു വരുന്ന എല്ലാ ഇളവുകളും ഇതിനകം റദ്ദാക്കിയതായാണ് വിവരം. ഡിഐജിമാരുടെ പരിശോധന ഭയന്നാണ് രാഷ്ട്രീയ തടവുകാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ജയിലധികൃതര്‍ ഒഴിവാക്കിയത്.
ജയിലുകളില്‍ പ്രതികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വരെ നിര്‍ബാധം ഉപയോഗിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തുനല്‍കിയിരുന്നു. കൂടാതെ പ്രത്യേക ഭക്ഷണവും ചില പ്രതികള്‍ക്ക് നല്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ നടത്തിയ മിന്നല്‍ പരിശോധനയിലൊന്നും തന്നെ ജയിലുകളിലെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന് അഞ്ചു മാസത്തിനിടെ പുറത്തേക്കു വിളിച്ചതു രണ്ടായിരത്തിലധികം തവണയായിരുന്നു. ഫോണ്‍ നമ്പര്‍ പരിശോധിച്ചശേഷം ഇരിങ്ങാലക്കുട പൊലീസ് ഒന്നരവര്‍ഷം മുന്‍പു കോടതിയില്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിലായിരുന്നു ഈ വിവരമുള്ളത്.
നേരത്തെയും കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍ പ്രതികള്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.