വിപണി വിശേഷം / കെ.ബി. ഉദയഭാനു
കുരുമുളക് ഇറക്കുമതിക്ക് ഇടയിൽ രഹസ്യമായി വെള്ള കുരുമുളകും (വൈറ്റ് പെപ്പർ) വ്യവസായികൾ ഇറക്കുമതി നടത്തി. ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് നാളികേരോത്പന്നങ്ങളുടെ വില ത്തകർച്ചയ്ക്ക് കാരണമായി. സീസണ് അവസാനിക്കും മുന്പേ ഏലക്ക കൊത്തിപ്പെറുക്കാൻ കയറ്റുമതിക്കാർ രംഗത്ത്. യെന്നിന്റെ മൂല്യം ഉയർന്നത് ടോക്കോമിൽ റബറിന്റെ മുന്നേറ്റത്തിനു തടസമായി. ആഭരണകേന്ദ്രങ്ങളിൽ സ്വർണ വില ചാഞ്ചാടി.
കുരുമുളക്
ഇന്ത്യൻ കുരുമുളകുവിപണിയുടെ തലയിലെഴുത്തുമാറി മാറിയുകയാണ്. കർഷകരുടെയും കയറ്റുമതിക്കാരുടെയും നിയന്ത്രണത്തിൽ കാലാകാലങ്ങളായി നീങ്ങിയിരുന്ന വിപണിയെ ഇറക്കുമതി ലോബി അവരുടെ വരുതിയിലാക്കി.
വിളവെടുപ്പുവേളയിൽ കയറ്റുമതിക്കാരുടെയും ഓഫ് സീസണിൽ കർഷകരുടെയും നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ കുരുമുളകു വിപണിയുടെ ദിശയിപ്പോൾ നിശ്ചയിക്കുന്നത് ഇറക്കുമതിലോബിയാണ്. വിദേശ കുരുമുളകു മൂല്യം വർധിത ഉത്പ്ന്നമാക്കാൻ എത്തിച്ച ശേഷം പലരും ചരക്ക് ആഭ്യന്തര മാർക്കറ്റിൽ മറിച്ചുവില്പന നടത്തുകയാണെന്ന ആക്ഷേപങ്ങൾ ശരിവയ്ക്കും വിധം ഉത്പന്നവില ആടി യുലയുകയാണ്.
ഇറക്കുമതി ചരക്ക് 120 ദിസത്തിനുശേഷം മൂല്യ വർധിത ഉത്പന്നമാക്കി തിരിച്ചു ഷിപ്മെന്റ നടത്തിയാൽ മതി. മെയ്ക്ക് ഇൻ ഇന്ത്യ പ്രകാരമാവുന്പോൾ അഞ്ച് ശതമാനം പ്രത്യേക സാന്പത്തിക സഹായവും വ്യവസായികൾക്ക് കേന്ദ്രത്തിൽനിന്നു ലഭിക്കും.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6250-6500 ഡോളർ. അതേ സമയം പല രാജ്യങ്ങളും 3000-35000 ഡോളറിനുവരെ ചരക്ക് കയറ്റുമതി നടത്തുന്നുണ്ട്. താഴ്ന്ന വിലയ്ക്കു ലഭിക്കുന്ന മുളകെത്തിച്ച് ആഭ്യന്തര വിപണിയിൽ വില്പന നടത്തുകയും പിന്നീട് റീ ഷിപ്മെന്റ് നടത്തിയുമാണ് ലാഭം ഇരട്ടിപ്പിക്കുന്നത്. ഇതിനിടയിൽ ഞെരിഞ്ഞമരുന്നത് നമ്മുടെ കർഷക കുടുംബങ്ങളാണ്. വിലത്തകർച്ചയിൽ ഉത്പന്നം ആടിയുലയുന്പോഴും വ്യവസായ ലോബി ഇറക്കുമതി യഥേഷ്ടം തുടരുകയാണ്.
ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് പുറമേ ബ്രസീലിയൻ കുരുമുളകും അവർ ഇന്ത്യയിൽ എത്തിച്ചു. ഒടുവിൽ ബ്രസീലിയൻ വൈറ്റ് പെപ്പറും എത്തിച്ചതായാണ് രഹസ്യവിവരം. ദക്ഷിണേന്ത്യയിലെ ഒരു തുറമുഖത്ത് പതിനഞ്ച് കണ്ടെയ്നർ വെള്ള ക്കുരുമുളക് ഇറക്കുമതി നടത്തിയായി അറിയുന്നു. ഇതിൽ പകുതി ക്ലിയറിംഗ് കഴിഞ്ഞ് തുറമുഖം വിട്ടതായും അറിയുന്നു.
വെള്ളക്കുരുമുളക് ഉത്പാദിപ്പിക്കാൻ സ്പൈസസ് ബോർഡ് ഒരു വശത്ത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മഴയുടെ അഭാവം മുലം ദക്ഷിണേന്ത്യയിൽ ഇക്കുറി ഉത്പാദനം നേരത്തെ കണക്കാക്കിയതിനേക്കാൾ കുറയുമെന്നാണ് കാർഷിക മേഖലകളിൽനിന്നുള്ള വിവരം. തെക്കൻ ജില്ലകളിൽനിന്ന് കൊച്ചിലേക്ക് ഇക്കുറി കാര്യമായി മുളകെത്തിയില്ല. ഹൈറേഞ്ചിലും വയനാട്ടിലും വിളവെടുപ്പ് ഉൗർജിതമായെങ്കിലും വില്പന സമ്മർദമില്ല. കർണാടകത്തിലും വിളവെടുപ്പ് പുരോഗമിക്കുന്നുണ്ട്. അണ് ഗാർബിൾഡ് കുരുമുളക് വില 39,000 രൂപയിൽനിന്ന് 37,400 ലേക്ക് ഇടിഞ്ഞു. ഗാർബിൾഡ് മുളക് വില 39,400 രൂപ.
നാളികേരം
നാളികേരോത്പന്നങ്ങൾക്കു പതർച്ച.റിക്കാർഡ് തലത്തിൽ ആഴ്ചകളോളം നീങ്ങിയ വെളിച്ചെണ്ണയ്ക്ക് പെടുന്നനെ കാലിടറി. വെളിച്ചെണ്ണ വില ക്വിന്റലിന് 1300 രൂപ ഇടിഞ്ഞത് മില്ലകാരെ കൊപ്ര സംഭരണത്തിൽനിന്ന് പിൻതിരിപ്പിച്ചു. വ്യവസായികൾ കൊപ്ര ശേഖരിക്കുന്നത് നിയന്ത്രിച്ചത് കാർഷികമേഖലയ്ക്കു തിരിച്ചടിയായി. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും നാളികേര വിളവെടുപ്പ് വ്യാപകമായതിനാൽ പച്ചത്തേങ്ങയും കൊപ്രയും ഇപ്പോൾ വിൽപ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. കൊപ്ര 12,650ൽനിന്ന് 11,730 ലേക്ക് ഇടിഞ്ഞു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നതും വെളിച്ചെണ്ണയ്ക്ക് പ്രഹരമായി.
ഇതിനിടെ എണ്ണ ക്കുരു കർഷകർക്ക് ആശ്വാസം പകരാൻ കേന്ദ്രം വാരാവസാനം പാം ഓയിൽ ഇറക്കുമതി ഡ്യുട്ടി ഉയർത്തി. ക്രൂഡ് പാമോയിലിന്റെ ഇറക്കുമതി നികുതി 30 ശതമാനത്തിൽ നിന്ന് 44 ശതമാനാമാക്കി. ശുദ്ധീകരിച്ച പാം ഓയിന്റെ തീരുവ 40 ൽ നിന്ന് 54 ശതമാനമാക്കി. മലേഷ്യ കയറ്റുമതി ഡ്യൂട്ടി കുറച്ചതാണ് ജനുവരി-ഫെബ്രുവരിയിൽ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരാൻ കാരണം.
ഏലം
പകൽ താപനില ഉയർന്നതോടെ ഏലത്തോട്ടങ്ങളിൽനിന്ന് ഉത്പാദകർ പിന്നോക്കം വലിഞ്ഞു. വേനൽ മഴ അനുഭവപ്പെട്ടാൽ വിളവെടുപ്പു തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. എന്നാൽ മഴയുടെ വരവ് ഏപ്രിൽ അവസാനത്തിലേക്കു നീളുമെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ വിലയിരുത്തൽ.
ലേലകേന്ദ്രങ്ങളിൽ ചരക്ക് വരവ് ചുരുങ്ങിയത് വാങ്ങലുകരെ അസ്വസ്ഥരാക്കി. ഏലക്കയുടെ ലഭ്യത ഉറപ്പുവരുത്താൻ വില ഉയർത്തിയും അവർ ചരക്ക് സംഭരിച്ചു. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1246 രൂപയിലാണ്. വിദേശവിപണികളിൽനിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്.
റബർ
ചൈനീസ് വ്യവസായികൾ അന്താരാഷ്ട്ര റബർ മാർക്കറ്റിൽ തിരിച്ചെത്തിയെങ്കിലും ഉത്പാദനരാജ്യങ്ങളിൽ ഷീറ്റ്വില ഏതാണ്ട് സ്റ്റെഡിയാണ്. ചൈനയുടെ തിരിച്ചുവരവിനെ ഏഷ്യൻ വിപണികൾ ഏറെ പ്രതീക്ഷയോടെയാണു വീക്ഷിച്ചത്. ഇതിനിടെ ജാപ്പനീസ് നാണയമായ യെന്നിന്റെ മുല്യം വർധിച്ചത് നിക്ഷേപകരെ ടോക്കോമിൽനിന്നു പിൻതിരിപ്പിച്ചു. കിലോ 190 യെന്നിൽ നീങ്ങുന്ന റബറിന് 200 ലെ പ്രതിരോധം ഇനിയും മറികടക്കാനായിട്ടില്ല. ഈ മാസം 214 യെന്നിലേയ്ക്ക് ഉയരാൻ ശ്രമം നടത്താം.
വരണ്ട കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ച റബർ ടാപ്പിംഗ് സംസ്ഥാനത്ത് ഇനിയും പുനരാരംഭിച്ചിട്ടില്ല. വേനൽ മഴയുടെ വരവ് ഏപ്രിൽ അവസാനത്തിലേക്ക് നീളുമെന്ന കാലാവസ്ഥാ സൂചനകൾ കർഷകരെ നിരാശരാക്കും. ഉത്തരേന്ത്യൻ വ്യവസായികളും ടയർ കന്പനികളും ഷീറ്റിൽ താത്പര്യം കാണിച്ചു. നാലാം ഗ്രേഡ് റബർ ക്വിന്റലിന് 12,400 രൂപയിൽനിന്ന് 12,550 ലേക്കു കയറി. അഞ്ചാം ഗ്രേഡിന് 200 രൂപ വർധിച്ച് 12,300 രൂപയായി.
മഞ്ഞൾ
മഞ്ഞളിന്റെ വരവു ശക്തമായതോടെ നിരക്ക് ചെറിയതോതിൽ താഴ്ന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിപണികളിൽ പുതിയ മഞ്ഞൾ വരവ് ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഉത്പാദകർ ചരക്ക് നീക്കം നിയന്ത്രിച്ചാൽ വിലയിലെ ചാഞ്ചാട്ടം പിടിച്ചുനിർത്താനാവും. കൊച്ചിയിൽ നാടൻ മഞ്ഞൾ 11,500 രൂപയിലും ഈറോഡ്-സേലം മഞ്ഞൾ 8300-8700 രൂപയിലുമാണ്.
സ്വർണം
സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. സംസ്ഥാനത്തെ ആഭരണ കേന്ദ്രങ്ങളിൽ 22,640 രൂപയിൽ വിൽപ്പനയാരംഭിച്ച പവൻ തുടക്കത്തിൽ 22,700 ലേക്ക് ഉയർന്നെങ്കിലും വാരമധ്യം പൊടുന്നനെ 22,520 ലേയ്ക്കു തളർന്നു. പിന്നീട് നിരക്ക് അൽപ്പം ഉയർന്ന് 22,600 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1322 ഡോളറിലാണ്.