കുന്നിക്കോട് : വേനല്‍ചൂട് നാടന്‍ വിപണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.മലയോരവിപണിയിലേക്ക് എത്തുന്ന കാര്ഷികോല്പനങ്ങളുടെ അളവില്‍ വൻ കുറവ്.വേനല്‍ ചൂട് ശക്തമായതോടെമേഖലയിലെ ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലത്ത് വിളവിറക്കാന്പോലും കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍.
സാധാരണ ഫെബ്രുവരി മാസങ്ങളില്‍ വിപണിയിലേക്ക് എത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അന്‍പത് ശതമാനത്തിലധികം കുറവാണ് ഇക്കൊല്ലം.സ്വാശ്രയ വിപണികളെയും ഇത് ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മഴ ശക്തമായിരുന്നെങ്കിലും ചൂടിന്റെആധിക്യവും ഇരട്ടിയായി.
കാര്‍ഷികവിളകള്‍ അധികവും ഉണങ്ങിക്കരിയുന്നു.ഏത്തവാഴ കൃഷിയെയാണ് ഏറ്റവുമധികം ചൂട് ബാധിച്ചത്.കുലച്ചവാഴകള്‍ പാകം ആകും മുന്‍പെ ഉണങ്ങുകയാണ്.സാധാരണ ഏപ്രില്‍ മേയ് മാസങ്ങളിലാണ് ചൂടിന് ശക്തിയേറുന്നത്.വി.എഫ്.പി.സി.കെ,പഞ്ചായത്ത് എന്നിവയുടെ കാര്‍ഷിക വിപണികള്‍ വഴി പ്രതിമാസം വന്‍തോതില്‍ കാര്‍ഷിക വിളകള്‍ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നു.
ഇതുവഴി വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രണവിധേയമായിരുന്നു.എന്നാല്‍ വിപണികള്‍ മന്ദീഭവിച്ചതോടെ വിലക്കയറ്റവും രൂക്ഷമാണ്.പ്രളയ കാലത്ത് മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ചിരുന്നു.
ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
നിലവില്മഴ ലഭിക്കേണ്ട മാസങ്ങളില്‍ 30 മുതല്‍ 35 ഡിഗ്രി വരെയാണ് മേഖലയിലെ ചൂട്.വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.