വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരോത്പന്നങ്ങൾക്ക് വിലത്തകർച്ച, വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിൽ. വിയറ്റ്നാം, ബ്രസീലിയൻ കുരുമുളക് വില്ലനാവുന്നു, മലബാർ കുരുമുളകിന്റെ പരമ്പരാഗത കയറ്റുമതിക്കാർ ആശങ്കയിൽ. ഏലക്ക വില രണ്ടായിരം രൂപയ്ക്കു മുകളിൽ സ്ഥിരത കൈരിക്കുമോ, സ്റ്റോക്കിസ്റ്റുകൾ വൻ ആവേശത്തിൽ. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ ഏഷ്യൻ റബർ മാർക്കറ്റുകളെ നിർജീവമാക്കി. പവന് വീണ്ടും റിക്കാർഡ് തിളക്കം.
നാളികേരം
നാളികേര കർഷകരെ സമ്മർദത്തിലാക്കി വെളിച്ചെണ്ണ, കൊപ്ര വില ഇടിയുന്നു. നാളികേരോത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടും നിരക്കിടിയുന്നത് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഒരുപോലെ നിരാശപ്പെടുത്തി. തമിഴ്നാട് തീരത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റ് നാളികേര കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. തഞ്ചാവൂരിലെ പല തോട്ടങ്ങളിലും ഇക്കുറി വിളവ് വൻതോതിൽ കുറഞ്ഞു. ചില തോട്ടങ്ങളിൽ 80 ശതമാനം വരെ ഉത്പാദനം കുറഞ്ഞതായാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിലും ഉത്പാദനം കുറവാണ്.
ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണവില ഉയർന്നതിനാൽ പ്രദേശിക വില്പന ചുരുങ്ങി. മൂന്നാഴ്ചയിൽ കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 1100 രൂപ ഇടിഞ്ഞു. പോയവാരം 16,200 ൽ വിൽപ്പന തുടങ്ങിയ എണ്ണ വാരാന്ത്യം 15,700 രൂപയിലാണ്. സാങ്കേതിക തിരുത്തലുകൾ പൂർത്തിയാവുന്നതോടെ വിപണി വീണ്ടും ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ.
ബഹുരാഷ്ട്ര കമ്പനികൾ ദക്ഷിണേന്ത്യയിൽനിന്ന് കാര്യമായി കൊപ്ര സംഭരിക്കുന്നില്ല. എണ്ണ കയറ്റുമതിക്ക് അനുസൃതമായി കൊപ്ര ഇറക്കുമതി അവർ നടത്തുന്നതാണ് ആഭ്യന്തര മാർക്കറ്റിൽ അവരുടെ സാന്നിധ്യം കുറയാൻ കാരണം. രാജ്യാന്തര മാർക്കറ്റിൽ കൊപ്ര ടണ്ണിന് 250 ഡോളറിൽ നീങ്ങുമ്പോൾ ഇന്ത്യൻ നിരക്ക് 500 ഡോളറിനു മുകളിലാണ്. ബഹുരാഷ്ട്ര വ്യവസായികൾ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ സജീവമായാൽ കൊപ്രവില ഉയരും.
കുരുമുളക്
വിദേശ കുരുമുളക് ഇറക്കുമതി ചെയ്യുന്നതുമൂലം മലബാർ കുരുമുളകിന്റെ പരമ്പരാഗത കയറ്റുമതിക്കാർ ആശങ്കയിലാണ്. ഇറക്കുമതിച്ചരക്ക് നാടൻ കുരുമുളകുമായി കലർത്തി വില്പനയ്ക്കിറക്കുന്ന ലോബി രാജ്യത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും സജീവമായത് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി വരുംമാസങ്ങളിൽ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന വെളിപ്പെടുത്തൽ ഹൈറേഞ്ച്, വയനാടൻ മുളക് കയറ്റുമതി നടത്തുന്നവർക്ക് കടുത്ത ഭീഷണിയാവും.
കേരളത്തിലെയും കർണാടകത്തിലെയും ഉത്പാദകമേഖലകളിൽനിന്ന് എത്തുന്ന ചരക്കിൽ വിയറ്റ്നാം, ബ്രസീലിയൻ മുളക് കലർത്തി വില്പനയ്ക്ക് ഇറക്കുന്നതായാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. ബ്രസീൽ ടണ്ണിന് 2000 ഡോളറിനും വിയറ്റ്നാം 2500 ഡോളറിനുമാണ് രാജ്യാന്തര മാർക്കറ്റിൽ കുരുമുളക് വിൽക്കുന്നത്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5425 ഡോളറാണ്. ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചു. വൈകാതെ വയനാട്ടിലെ തോട്ടങ്ങളിലും വിളവെടുപ്പ് ആരംഭിക്കും. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 35,000 രൂപ.
ഏലം
ഏലക്ക മുന്നേറ്റം തുടരുന്നു. രണ്ടാം വാരത്തിലും മികച്ചയിനം ഏലക്ക വില കിലോ 2000 രൂപയ്ക്കു മുകളിൽ ലേലം ഉറപ്പിച്ചു. ലഭ്യത ചുരുങ്ങുന്നത് വാങ്ങലുകാരെ നിരക്കുയർത്താൻ പ്രേരിപ്പിച്ചു. ഈസ്റ്റർ-വിഷു ആവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര-വിദേശ വ്യാപാരികൾ ഏലക്ക സംഭരണം ശക്തമാക്കി. ജനുവരിയെ അപേക്ഷിച്ച് കാർഷികമേഖലകളിൽനിന്നുള്ള ഏലക്ക വരവ് ചുരുങ്ങുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. കഴിഞ്ഞ മാസം ഏലക്കവില പത്തു ശതമാനം ഉയർന്നു. ജൂണിലാണ് അടുത്ത സീസൺ.
റബർ
ചൈന പുതുവത്സരാഘോഷങ്ങളിലേക്കു ശ്രദ്ധതിരിച്ചതോടെ രാജ്യാന്തര റബർ വിപണി ഹോളിഡേ മൂഡിൽ അകപ്പെട്ടു. ഉത്സവദിനങ്ങൾക്കു ശേഷം ചൈനീസ് വ്യവസായികൾ രാജ്യാന്തര വിപണിയിൽ ഈ വാരം തിരിച്ചെത്തും. പ്രമുഖ അവധിവ്യാപാരകേന്ദ്രങ്ങളിൽ ചൈനീസ് ന്യൂ ഇയർ മൂലം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയത് റബർവിലയെ ബാധിച്ചു.
ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര ഷീറ്റ് വില ഉയരുന്നത് പിടിച്ചുനിർത്തി. ടയർ കന്പനികൾ ആർഎസ്എസ് നാലാം ഗ്രേഡ് 12,200 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 11,500 രൂപയ്ക്കും വാങ്ങി. ലാറ്റക്സ് വില 8000 രൂപയിലാണ്.
സ്വർണം
കേരളത്തിൽ സ്വർണവില പുതിയ ഉയരം സ്വന്തമാക്കി. 24,720 രൂപയിൽ ആഭരണ വിപണികളിൽ വില്പനയാരംഭിച്ച പവൻ വാരമധ്യം റിക്കാർഡ് വിലയായ 24,880 രൂപ വരെ കയറി ശേഷം 24,640 ലേക്ക് താഴ്ന്നെങ്കിലും ശനിയാഴ്ച 24,720 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1318 ഡോളർ.