കോഴഞ്ചേരി: എംജി കലോത്സവം പ്രതിഭാപട്ടം വിപിദാസിന്. രോഗക്കിടക്കയിൽ നിന്ന് തന്നെ അനുഗ്രഹിച്ചയച്ച അമ്മയ്ക്ക് പ്രതിഭാപട്ടം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിപിദാസ്.എതിരാളികളില്ലാത്തതിനാൽ എംജി കലോത്സവം കലാപ്രതിഭാപട്ടം തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിപിദാസ് ഉറപ്പിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിങ്ങനെ പെണ്‍കുട്ടികൾ സ്വന്തമാക്കിവച്ചിരുന്ന ഇനങ്ങളിൽ ഒന്നാമതെത്തിയാണ് വിപിദാസ് പ്രതിഭയാകുന്നത്. ഇതിൽ ഭരതനാട്യത്തിലൊഴികെ പെണ്‍കുട്ടികളെ തോൽപ്പിച്ചു തന്നെയാണ് വിജയം നേടിയത്.
ഭരതനാട്യത്തിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവേറെയായിരുന്നു മത്സരം.അർബുദം ബാധിച്ച് ചികിൽസയിലാണ് വിപിയുടെ അമ്മ അംബിക. വിപി എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ സുന്ദരൻ മരിച്ചു. പാലക്കാട് കടുന്തുരുത്തി കുമ്പളത്തറ വീട്ടിൽ പിന്നീട് അമ്മയും മകനുമായിരുന്നു താമസം. നൃത്തം പഠിക്കാനുള്ള മകന്റെ ആഗ്രഹത്തിന് അമ്മ പിന്തുണ നൽകി. കലോത്സവങ്ങളിൽ പങ്കെടുത്തുവരുന്ന വിപിദാസിന് കഴിഞ്ഞ കലോൽസവത്തിൽ ഭരതനാട്യത്തിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു. പക്ഷേ അമ്മ രോഗിയായതോടെ വിപി തളർന്നു.
പക്ഷേ നൃത്തം ഉപേക്ഷിക്കരുതെന്ന അംബിക ഉപദേശമാണ് വേദികളിൽ വിപിക്കു കരുത്താകുന്നത്.തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ പഠിക്കുന്ന വിപി ശനി, ഞായർ ദിനങ്ങളിൽ നാട്ടിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നാട്യാലയ എന്ന പേരിലുള്ള നൃത്തവിദ്യാലയത്തിൽ 53 കുട്ടികളുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ജീവിതമാർഗം. അമ്മ അംബികയുടെ ചികിത്സാച്ചെലവും ഇതിൽ നിന്നു വഹിക്കണം.
സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആർഎൽവിയിലെ അധ്യാപകനായ പ്രദീപ് കുമാറാണ് സഹായം നൽകിയത്. മറ്റ് അധ്യാപകരും സഹപാഠികളും ഒപ്പം നിന്നു. ആരെയും നിരാശരാക്കാതെ വിപിദാസ് ഇന്ന് പ്രതിഭാപട്ടത്തിൽ മുത്തമിടും. പ്രദീപ് കുമാർ, ശക്തി കുമാർ, സജി വാരനാട് എന്നിവരാണ് ഗുരുക്കൻമാർ.