തിരൂർ: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ആലത്തിയൂർ കുണ്ടിൽ ബിപിനെ കൊല്ലപ്പെടുത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊലപാതകത്തിന് ശേഷം കർണാടകയിലെ ഹുഗ്ലിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പോലിസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങിയപ്പോൾ പിടിക്കപ്പെടുകയായിരുന്നു. അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
കൃത്യം നിർവ്വഹിച്ച ആറംഗ സംഘത്തിൽ ഒരാളായ പ്രതിയെ കൊലപാതകംനടന്ന ബിപി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടിലെത്തിച്ച് തിരൂർ സിഐ എം.കെ ഷാജിയുടെ നേത്യത്വത്തിൽ തെളിവെടുപ്പ് നടത്തി. ഇതോടെ കേസിൽ ആകെ 15 പേരാണ് പിടിയിലായത്.
ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് സിഐ പറഞ്ഞു. ഇയാൾക്കായി അന്വേഷണം ശക്തമാക്കി. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ പൊലിസ് പ്രതിയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ അറിയിച്ചു.