ചേർത്തല: ബസിനുള്ളിലെ തർക്കത്തെതുടർന്ന് വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പവിത്രന്റെ മകൻ വിപിൻ (18) ആണ് മർദനമേറ്റത്. ഏറ്റുമാനൂരിലെ ഐടിഐ കോളേജിലെ വിദ്യാർഥിയാണ് വിപിൻ. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
കോളേജിൽ നിന്നും കോട്ടയം ചേർത്തല സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്ന വഴി ചില യാത്രക്കാർ ബസിൽ ബഹളം വച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് തണ്ണീർമുക്കത്തുവച്ച് ഈ സംഘം വിപിനെ ബസിൽ നിന്നും പുറത്തിറക്കി മർദിക്കുകയായിരുന്നുവെന്നു പറയുന്നു.
പരിക്കേറ്റ വിപിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അനിൽകുമാർ സെക്രട്ടറി ആർ. ജയേഷ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ മുഹമ്മ പോലീസ് കേസെടുത്തു.