ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അസ്ഥിരോഗ വിഭാഗം നടത്തിയ മുഴുവൻ മൂലകോശ ശസ്ത്രക്രിയകളും വിജയകരം. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 15 മൂലകോശ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. ഒടുവിലായി കുമരകം സ്വദേശിയ്ക്കാണു ശസ്ത്രക്രിയ നടത്തിയത്.
കുമരകം വള്ളിച്ചിറ സ്വദേശി വിപിന്റെ കാൽമുട്ടിനുള്ളിലെ മൃദലാസ്ഥിക്കു തകരാർ സംഭവിച്ചതോടെയാണ് മൃദുലാസ്ഥി ശസ്ത്രക്രിയ ചെയ്യുന്നതിന് മൂലകോശം നിർണിക്കാൻ അസ്ഥിരോഗ വിഭാഗം തീരുമാനിച്ചത്. തുടർന്ന് ഇടുപ്പെല്ലിൽ നിന്നും രക്തം ശേഖരിച്ച് പ്രത്യേക ഉപകരണം വഴി മൂലകോശം നിർമിച്ച് ശസ്ത്രക്രിയ പൂർത്തീകരിച്ചു.
ഒന്നര വർഷം മുന്പ് കുഴിയിൽ വീണ് വിപിന്റെ വലത് കാൽമുട്ടിന് പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തി. പരിശോധനയിൽ മൃദുലാസ്ഥിക്ക് പരിക്കുണ്ടായതായി കണ്ടെത്തി. സാധാരണ ഇത്തരത്തിൽ പരിക്ക് സംഭവിച്ചാൽ മുട്ടുചിരട്ട മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാൽ ഭാവിയിൽ അത് ദോഷകരമാവുമെന്നത് കൊണ്ടും പ്രായം കുറവായതു മൂലവുമാണ് മൂലകോശം നിർമിച്ച് മൃദുലാസ്ഥിക്ക് ശസ്ത്രക്രിയ നടത്താൻ തിരുമാനിച്ചത്.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം.എ. തോമസിന്റെ നിർദേശപ്രകാരം ആർത്രോസ്കോപ്പ് സർജൻ അസിസ്റ്റന്റ് പ്രഫ. ഡോ. നിഷാര മുഹമ്മദിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് കോട്ടയം മെഡിക്കൽ കോളജിൽ മൂലകോശം നിർമിച്ച് മൃദുലാസ്ഥികളുടെ ശസ്ത്രക്രിയ നടത്തുന്നത്.
സ്വകാര്യ ആശുപത്രികളിൽ ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ ആർഎസ്ബിവൈ പ്രകാരം പൂർണമായും സൗജന്യമായാണ് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയത്.