കൽപ്പറ്റ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിൽ കളിക്കാർ പതിനൊന്നല്ല, പന്ത്രണ്ടാണ്. ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്പോൾ മഞ്ഞക്കുപ്പായമണിഞ്ഞു ഗാലറിയിൽ ആർത്തിരന്പുന്ന കാണികളാണ് ടീമിന്റെ പന്ത്രണ്ടാമത്തെ താരം.
ടീമിന്റെ പന്ത്രണ്ടാം താരനിരയിൽ പണ്ടേ സ്വയം ഇടം കണ്ടെത്തിയ നിരവിൽപുഴ പാതിരിമന്നം വിപിൻ കോവിഡ് കാലത്തു ഐഎസ്എൽ കാണാൻ പ്രത്യേക നിർമിതി തന്നെ നടത്തി.
12 അടി നീളവും എട്ടടി വീതിയുമുള്ള ’മഞ്ഞപ്പട ഹട്ട്’ ആണ് അര ലക്ഷത്തോളം രൂപ ചെലവിട്ടു വിപിൻ നിർമിച്ചത്. ഗാലറിയിൽ ഇരിക്കുന്ന അതേ അനുഭൂതിയോടെ കൂട്ടുകാർക്കൊപ്പം ആർത്തുവിളിച്ചു ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾ കാണാനാണ് വീടിനോടു ചേർന്നു കുടിൽ ഒരുക്കിയതെന്നു വിപിൻ പറയുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയും നീലയും നിറങ്ങളാണ് ഹട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.’ഹോം ഓഫ് ദ ട്വൽത് മാൻ’ എന്നെഴുതിയ കവാടവും ഹട്ടിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
ഒരേസമയം 15 പേർക്കു കളികാണാൻ സൗകര്യം ഉള്ളതാണ് ഹട്ട്. രണ്ടാഴ്ചയോളം പാടുപെട്ടു ഒരുക്കിയ ഹട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികൂന, സ്പോട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് എന്നിവരുടെ ഫോട്ടോയും വച്ചിട്ടുണ്ട്.
ഇൻഡസ്ട്രിയൽ ജീവനക്കാരനായ വിപിൻ പരസഹായമില്ലാതെയാണ് ഹട്ട് നിർമാണം പൂർത്തിയാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫുട്ബോൾ പ്രേമികൾ ഹട്ട് കാണാൻ നിരവിൽപുഴയിൽ എത്തുന്നുണ്ട്.
മുന്പ് ക്രിക്കറ്റിനോടായിരുന്നു വിപിനു പ്രിയം. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ബ്ലാസ്റ്റേഴ്സിന്റെ ഉടമയായി എത്തിയതോടെയാണ് ഫുട്ബോളിൽ ഭ്രമം തുടങ്ങിയത്.
പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ ഒരു കളിപോലും വിപിൻ ഒഴിവാക്കിയിട്ടില്ല.
ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പോരിനിറങ്ങിയപ്പോഴൊക്കെ ആവേശം പകരാൻ ഗാലറിയിലുണ്ടായിരുന്നു വിപിൻ.