ഗാന്ധിനഗർ: ഒന്നേമുക്കാൽ മണിക്കൂറിൽ 160 കിലോമീറ്റർ യാത്ര. ഡ്രൈവിംഗ് ജീവിതത്തിൽ എന്നെന്നും ഈ പറക്കൽ ഓർമിക്കപ്പെടുമെന്ന് ’ഹാർട്ട് ഓഫ് കോട്ടയം’ ആബുലൻസ് ഡ്രൈവർ കോട്ടയം കാഞ്ഞിരം വഞ്ചിചാറ്റിൽ ചിറ വി.പി. വിപിൻ കുമാർ പറഞ്ഞു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കല്ലന്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെള്ളകം സ്വദേശി കെ.എൽ. ജോസിൽ തുന്നിച്ചേർക്കുന്നതിനായിരുന്നു ഈ അതിവേഗ യാത്ര.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഹൃദയം ഐസിൽ പൊതിഞ്ഞ കാസ്റോൾ ഇന്നലെ പുലർച്ചെ 3.30നു വാഹനത്തിൽ കയറ്റിയ ഉടൻ കോട്ടയത്തേക്കു തിരിക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്ലാതിരുന്നതിനാൽ ഒന്നേമുക്കാൽ മണിക്കൂർ പിന്നിട്ടു പുലർച്ചെ 5.15നു മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിനു മുന്നിലെത്തിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 3.30നു മെഡിക്കൽ കോളജിൽനിന്നു ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചത് രണ്ടര മണിക്കൂർ സമയംകൊണ്ടാണ്.
എന്നാൽ മറ്റൊരു ജീവൻ രക്ഷിക്കാൻ മറ്റൊരു ഹൃദവുമായുള്ള മടക്കയാത്ര ഒന്നേ മുക്കാൽ മണിക്കൂറിൽ വിജയകരമായി വിപിൻകുമാർ പൂർത്തിയാക്കി.