കൊച്ചി: കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹര്ജിക്കാരന്. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്നും കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന് അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നായിരുന്നു അലോഷിയയുടെ വിശദീകരണം.