കോൽക്കത്ത: വിരാട് കോഹ്ലി-അനിൽ കുംബ്ല തർക്കം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തെന്ന് ടീം ഇന്ത്യ മുൻ നായകൻ സൗരവ് ഗാംഗുലി. ചാന്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിനുശേഷമുണ്ടായ നടപടികൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം ഇന്ത്യക്കു പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപദേശക സമിതി അംഗം കൂടിയാണ് ഗാംഗുലി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ആരായിരുന്നെങ്കിലും കുംബ്ലെ-കോഹ്ലി തർക്കം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാൻ സാധിക്കുമായിരുന്നു. ആ സമയത്ത് അത് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യപ്പെട്ടത്- ഗാംഗുലി പറഞ്ഞു. ടീം പരിശീലക സ്ഥാനത്തേക്ക് ആർക്കും അപേക്ഷിക്കാമെന്നും അഡ്മിസ്ട്രേറ്റർ സ്ഥാനത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താനും അപേക്ഷിക്കുമായിരുന്നെന്നും ഗാഗുലി വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് മുൻ ടീം ഡയറക്ടർ രവിശാസ്ത്രിയും അപേക്ഷിച്ചിരുന്നു. പരിശീലകനായി തന്നെ നിയമിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ താൻ അപേക്ഷ സമർപ്പിക്കുകയുള്ളുവെന്ന് നേരത്തെ രവിശാസ്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. അതേസമയം, ഗാംഗുലിയുമായി രവിശാസ്ത്രി സൃഷ്ടിച്ച ആരോപണ തർക്കങ്ങൾ അദ്ദേത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.