ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികൊണ്ട് അർധസെഞ്ചുറി തികയ്ക്കുന്ന ഭൂഗോളത്തിലെ ആദ്യ ക്രിക്കറ്റർ എന്ന ചരിത്രനേട്ടത്തിൽ ഇന്ത്യയുടെ വിരാട് കോഹ്ലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന 49 ഏകദിന സെഞ്ചുറി എന്ന റിക്കാർഡ് കോഹ്ലി മറികടന്നത് അദ്ദേഹത്തിന്റെ കണ്മുന്നിൽവച്ച്.
കോഹ്ലിയുടെ ചരിത്രനിമിഷം കണ്‍കുളിർക്കെ കാണാനായി സച്ചിനൊപ്പം ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാം അടക്കമുള്ള പ്രമുഖർ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
ഐസിസി 2023 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ 98ൽ നിന്ന് ഡബിൾ ഓടി 100 തികച്ച കോഹ്ലി രണ്ടു കൈയും ഉയർത്തി ആഹ്ലാദത്തോടെ ഓടി. തുടർന്ന് ബാറ്റും ഹെൽമറ്റും ഉൗരിമാറ്റി ഇരു കൈയും ഉയർത്തി സച്ചിൻ തെണ്ടുൽക്കർ അടക്കം അണിനിരന്ന വന്പൻ ഗാലറിയെ വണങ്ങി. ബാറ്റുയർത്തി ആകാശത്തേക്ക് കണ്ണുനട്ട് കോഹ്ലിയുടെ നിൽപ്പ് ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ ചേക്കേറി.
ഏറ്റവും ഒടുവിലായി ഭാര്യ അനുഷ്ക ശർമയ്ക്കായി പ്രത്യേക ഫ്ളൈയിംഗ് കിസ്, തുടർന്ന് വീണ്ടും ക്രീസിലേക്ക്… 113 പന്തിൽ രണ്ട് സിക്സും ഒന്‍പത് ഫോറും ഉൾപ്പെടെ 117 റണ്‍സുമായാണ് കോഹ്ലി ക്രീസ് വിട്ടത്.
സച്ചിന്റെ 49ൽ കോഹ്ലിക്ക് 10
2012 മാർച്ച് 16ന് ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരേയായിരുന്നു സച്ചിൻ തെണ്ടുൽക്കറിന്റെ 49-ാം ഏകദിന സെഞ്ചുറി. ബംഗ്ലാദേശിനെതിരേ സച്ചിൻ അന്ന് നേടിയ 114 റണ്‍സ് രാജ്യാന്തര ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ 100-ാം സെഞ്ചുറിയുമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ 100 സെഞ്ചുറി എന്ന ചരിത്രം സച്ചിൻ കുറിച്ച നിമിഷം.
സച്ചിൻ 49-ാം സെഞ്ചുറി നേടിയപ്പോൾ കോഹ്ലിക്ക് ഏകദിനത്തിൽ ഉണ്ടായിരുന്നത് വെറും 10 സെഞ്ചുറി മാത്രം. 11 വർഷത്തിനുശേഷം സച്ചിനെ സാക്ഷിയാക്കി കോഹ്ലി 50-ാം ഏകദിന സെഞ്ചുറി തികച്ചു. ചരിത്രം വഴിമാറിയ സുവർണ മുഹൂർത്തം.