ഇരിട്ടി: വീരാജ്പേട്ട ബസ്സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിന്റെ (39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലു പേരെ വിരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളായ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്.
മേയ് 22 ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും നാല് കുറ്റാരോപിതരും വീരാജ്പേട്ട ടൗണിൽ മേയ് 22 ന് രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകുന്നേരം മദ്യപിച്ച ശേഷം പണം വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.
കുറ്റാരോപിതരായ നാലുപേരും ചേർന്ന് സ്വകാര്യ ബസ് സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിച്ചതും പിന്നീട് അദ്ദേഹം രക്തം വാർന്ന് മരിച്ചതും. മേയ് 23 ന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുന്നത്. സ്വാഭാവിക മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയത്.
തുടർന്ന് രമേശിന്റെ ഭാര്യ ഭവാനി നല്കിയ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികളടക്കം പോലീസ് പരിശോധിച്ചപ്പോഴാണ് നാലംഗസംഘത്തിന്റെ മർദനമാണ് രമേശിന്റെ മരണത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചതും കുറ്റാരോപിതരെ പിടികൂടിയതും. സ്വന്തം വീടുകളിൽ നിന്നാണ് കുറ്റാരോപിതരെ പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.