ന്യൂഡൽഹി: മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ആറു മാസംകൂടി ശേഷിക്കേയാണ് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർമാരിലൊരാളായ വിരാൽ ആചാര്യ രാജിവയ്ക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ ആർബിഐയിൽനിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ ഉദ്യോഗസ്ഥനാണ് ആചാര്യ. ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവച്ചത് കഴിഞ്ഞ ഡിസംബറിലായിരുന്നു. പട്ടേൽ രാജിവച്ചതു മുതൽ ആചാര്യയുടെ രാജിയും വൈകാതെയുണ്ടാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു.
2016 സെപ്റ്റംബറിൽ ഉർജിത് പട്ടേൽ ഗവർണറായി ചുമതലയേറ്റശേഷം 2017 ജനുവരി 23നാണ് വിരാൽ ആചാര്യ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇനി ആർബിഐക്കുള്ളത് എൻ.എസ്. വിശ്വനാഥൻ, ബി.പി. കനുംഗോ, എം.കെ. ജയിൻ എന്നീ മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.നിക്ഷേപം, പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അടിക്കടിയുള്ള നയമാറ്റം, കറൻസി റദ്ദാക്കൽ തുടങ്ങിയവയുടെ പേരിൽ ആർബിഐ നിരന്തര വിമർശനങ്ങൾ നേരിട്ടിരുന്ന വേളയിലായിരുന്നു ആചാര്യ ചുമതലയേറ്റത്.
വ്യക്തിപരമായ കാരണങ്ങളാൽ ജൂലൈ 23നു ശേഷം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തു തുടരാനാകില്ല എന്നു ചൂണ്ടിക്കാട്ടി വിരാൽ ആചാര്യ ആർബിഐക്ക് കത്തു നല്കിയത് ഏതാനും ആഴ്ചയ്ക്കു മുന്പാണ്.വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള മൃദുസമീപനം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകാൻ ആചാര്യയുടെ രാജി കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
നരേന്ദ്ര മോദി സർക്കാരും ആർബിഐയും തമ്മിലുള്ള പ്രശ്നങ്ങളുടെ മൂടി തുറന്ന് പുറംലോകത്തെ അറിയിച്ചത് ആചാര്യയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യം കേന്ദ്ര സർക്കാർ മാനിക്കുന്നില്ല. ആർബിഐയുടെ നയപരമായ കാര്യങ്ങളിൽ സർക്കാർ കൈകടത്തുന്നു എന്നാണ് ആദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.
രാജിക്കുശേഷമുള്ള പദ്ധതി ആചാര്യ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലാണ് അദ്ദേഹത്തിന്റെ കുടുംബമുള്ളത്. അവിടെയെത്തി അധ്യാപന ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തൽ.
രാജിക്കാര്യം ഗവർണർ സർക്കാരിനെ അറിയിക്കും. ഗവർണർമാരെയും ഡെപ്യൂട്ടി ഗവർണർമാരെയും സർക്കാരാണ് നിയമിക്കുന്നത്. ഡെപ്യൂട്ടി ഗവർണർമാരെ നിർദേശിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. നാലു ഡെപ്യൂട്ടി ഗവർണർമാരുള്ളതിൽ രണ്ടു പേർ ആർബിഐക്ക് ഉള്ളിൽനിന്നുള്ളവരും ഒരാൾ വാണിജ്യ ബാങ്കിംഗ് മേഖലയിൽനിന്നുള്ള വ്യക്തിയും ഒരാൾ സാന്പത്തിക വിദഗ്ധനുമായിരിക്കും.
42 വയസുള്ള ആചാര്യ ആർബിഐ ചരിത്രത്തിൽ ചെറു പ്രായത്തിലെ മുതിർന്ന പദവിയിലെത്തിയ ആൾ എന്ന ബഹുമതിക്ക് അർഹനാണ്. ഐഐടി മുംബൈയിൽനിന്നുള്ള കംപ്യൂട്ടർ എൻജിനിയറായ ആചാര്യയ്ക്ക് 1995ൽ പ്രസിഡന്റിന്റെ മെഡൽ ലഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഒരു സംഗീതഞ്ജൻ കൂടിയാണ്. സ്വയം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സിഡിയാക്കി വിറ്റുകിട്ടുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
മുൻ ആർബിഐ ഗവർണർ രഘുറാം രാജന്റെ രീതികളുമായി സാമ്യമുള്ളതിനാൽ പാവപ്പെട്ടവന്റെ രാജൻ എന്ന പേരും വിരാൽ ആചാര്യയ്ക്കുണ്ട്.
പലിശനിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചത് ഒരേയൊരു തവണ
പട്ടേലിനു പകരം മുൻ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ കേന്ദ്ര സർക്കാർ ഗവർണറായി നിയമിക്കുകയും പിന്നീടു നടന്ന മൂന്നു പണനയ അവലോകന യോഗത്തിലും ആർബിഐ അടിസ്ഥാന നിരക്കിൽ കാൽ ശതമാനം കുറയ്ക്കുകയും ചെയ്തു. ഫെബ്രുവരി, ഏപ്രിൽ മാസത്തിലെ നിരക്ക് കുറയ്ക്കലിനെ എതിർത്ത ആചാര്യ, ഈ മാസം നിരക്ക് കുറച്ചതിനെ ആശങ്കയോടെ അനുകൂലിച്ചു.
രാജ്യത്തെ സാന്പത്തിക നില മോശമാകുന്നതിനെതിരേ ആചാര്യ പ്രതികരിച്ചതായി ആർബിഐയുടെ ജൂണിലെ പണനയ കമ്മിറ്റിയുടെ മിനിറ്റ്സിൽ പറയുന്നുണ്ട്. നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ച് 2017 ഓഗസ്റ്റിൽ മാത്രമാണ് ആചാര്യ വോട്ട് ചെയ്തത്.
ആർബിഐയുടെ കൈവശമുള്ള കരുതൽ പണത്തിൽ എത്രത്തോളം വിപണിയിൽ എത്തിക്കണമെന്ന് പഠിക്കാൻ ആർബിഐ-കേന്ദ്രസർക്കാർ സംയുക്ത സമിതിയെ നിയമിച്ച ആഴ്ചതന്നെയാണ് ആചാര്യ രാജിവയ്ക്കുന്നത്. ആർബിഐ കരുതൽ പണത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കത്തെ ആചാര്യ ശക്തമായി എതിർത്തിരുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് അവധിയെടുത്താണ് 2017ൽ ഡെപ്യൂട്ടി ആർബിഐ ഗവർണറായി ചുമതലയേറ്റത്. 2020 ജനുവരിയാണ് മൂന്നു വർഷത്തെ കാലാവധി അവസാനിക്കുക. ആചാര്യ ഓഗസ്റ്റിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ തിരികെ ജോലിയിൽ പ്രവേശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ആചാര്യയുടെ രാജിവാർത്ത പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സത്യത്തിന്റെ പ്രതിബിംബം പ്രദർശിപ്പിച്ച വിദഗ്ധരുടെ നീണ്ട പട്ടികയിൽ ആചാര്യയുടെ പേരും അദ്ദേഹം ചേർത്തതായി കോൺഗ്രസ് പറഞ്ഞു. നാല് സാന്പത്തിക ഉപദേഷ്ടാക്കൾ, രണ്ട് ആർബിഐ ഗവർണർമാർ, നീതി ആയോഗ് ഉപാധ്യക്ഷൻ എന്നിവർ ബിജെപി സർക്കാരിന്റെ കാലത്ത് രാജിവച്ചതായി കോൺഗ്രസ് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2018 ഡിംസബറിൽ ഊർജിത് പട്ടേൽ ഗവർണർ സ്ഥാനം രാജിവച്ചു. 1990നു ശേഷം ആദ്യമായാണ് ഒരു ഗവർണർ സ്ഥാനം രാജിവയ്ക്കുന്നത്.