എല്ലാ ക്രിസ്മസിനും ബി-ടൗണിലെ കപൂർ കുടുംബാംഗങ്ങൾ ഒത്തുകൂടാറുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾക്കിടയിൽ രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി തങ്ങളുടെ മകൾ റാഹയെ മീഡിയയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ വൈറലായ കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ജ്വലിക്കുന്ന ക്രിസ്മസ് കേക്കാണ് താരമായത്. നിരവധിപേരാണ് ഈ കേക്കിനെ കുറിച്ച് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.
നിങ്ങളുടെ ന്യൂ ഇയർ പാർട്ടിക്ക് വേണ്ടി ഈ കേക്ക് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഷെഫ് സ്നേഹ സിംഹി ഉപാധ്യായ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട റെസിപ്പി വളരെ സഹായകരമാകും. ഈ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.
ചോക്ലേറ്റ് വിസ്കി ഫ്ലാംബ് കേക്കിനുള്ള ചേരുവകളും ഇവർ വീഡിയോയ്ക്ക് താഴെ നൽകിയിട്ടുണ്ട്. ഒരു കപ്പ് പഞ്ചസാര, ഒരു കപ്പ് പാൽ, ഒരു ടീസ്പൂൺ വിനാഗിരി, ആറ് ടേബിൾസ്പൂൺ എണ്ണ, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ഒന്നര കപ്പ് മൈദ, കാൽ കപ്പ് കൊക്കോ പൗഡർ, ഒരു കപ്പ് ഡാർക്ക് ചോക്ലേറ്റ്, മുക്കാൽ കപ്പ് ക്രീം എന്നിവയാണ് ഈ കേക്കിന് ആവശ്യമുള്ള സാധനങ്ങൾ.
ഇതിനോടകം തന്നെ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി റെസിപ്പി വീഡിയോ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് ഈ വീഡിയോ ഏറ്റെടുത്ത് കമന്റുകളുമായെത്തിയത്.