ഡൊമനിക് ജോസഫ്
കോവിഡില്‍ ലോക്കായ ജീവിതങ്ങള്‍ നിരവധിയാണ്. വീടിനുള്ളില്‍നിന്ന് വെളിയില്‍ ഇറങ്ങാന്‍ കഴിയാതെ തൊഴിലും തൊഴിലിടവും നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. കൊറോണയെ പേടിച്ച് വീടിനുള്ളില്‍ തന്നെ കഴിയുന്നവരും കഴിഞ്ഞവരും ഏറെയാണ്.
എന്നാല്‍ കൊറോണ കാലത്തു അതിനോടൊപ്പം സഞ്ചരിച്ച് ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ കാര്യങ്ങള്‍ ചെയ്ത് നല്കിയ ധാരാളം സുമനസുകളും നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം കാര്യങ്ങള്‍ മാറ്റി വച്ച് കോവിഡിനൊപ്പം സഞ്ചരിച്ചവരെപ്പറ്റിയുള്ള പരമ്പര ഇന്ന് മുതല്‍ ആരംഭിക്കുകയാണ്.
വൈറൽ സന്ദേശവുമായി മനു
കോവിഡ് എന്ന ആശങ്ക എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞ് മുറുക്കിയപ്പോള്‍ ആശങ്ക വേണ്ട, ജാഗ്രത മതി എന്ന് എല്ലാ ദിവസവും ഓര്‍മ്മിപ്പിക്കുന്ന ഒരാളുണ്ടായിരുന്നു.
നവമാധ്യമങ്ങളിലൂടെ എല്ലാ ദിവസവും ഏളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തില്‍ ലളിതമായ ഭാഷയിലും ശൈലിയിലുമായിരുന്നു കോവിഡ് എന്ന മഹാമാരിയെ തുരുത്തുവാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത്.
മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന കുട്ടംപേരൂര്‍ നടുവിലെപറമ്പില്‍ വിജയന്- ഗ്രേസി ദമ്പതികളുടെ മകനായ മനുവാണ് ബോധവത്ക്കരണ പോസ്റ്റുകളുമായി കോവിഡിനെ നേരിടാന്‍ രംഗത്തെത്തിയത്.
ഇതിനകം നൂറോളം പോസ്റ്റുകള്‍ തയ്യാറാക്കി ഫെയ്സ് ബുക്ക് പേജുകളിലും വാട്സ് ആപ് ഗ്രൂപ്പുകളിലുമായി പോസ്റ്റ് ചെയ്തു. മാന്നാര്‍, മാവേലിക്കര പോലീസിന്റെ ഫേസ്ബുക്ക് പേജിലും ബേധനവത്കരണ സന്ദേശങ്ങള്‍ തയ്യാറാക്കിയിരുന്നത് മനുവാണ്.മനുവിനെ സഹായിക്കുവാനായി ഭാര്യ സൂര്യയും ഒപ്പമുണ്ട്.
പോസ്റ്റുകളിലെ ചിരിയും ചിന്തയും
കോവിഡിനെതിരെയുള്ള ബോധവത്കരണ പോരാട്ട പോസ്റ്ററുകളില്‍ നിറഞ്ഞത് ചിരിയും ചിന്തയും. സിനിമയുടെ ഡയലോഗുകള്‍ നടന്മാരുടെ ചിത്രത്തിനൊപ്പം കോവിഡുമായി കൂട്ടിയിണക്കി പോസ്റ്ററുകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുമ്പോള്‍ അത് കോവിഡ് ബോധവത്കരണത്തിന് മറ്റൊരു മാനം നല്കി.
മാസ്ക്ക് ധരിക്കേണ്ടതിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതിന്റെയും ആവശ്യകത ചെറിയ ചിത്രങ്ങളിലൂടെയും ചെറിയ വാക്കുകളിലൂടെയും പൊതു സമൂഹത്തില്‍ എത്തിച്ചാണ് ആദ്യഘട്ടങ്ങളില്‍ ഇതിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് ഒാരോ ഘട്ടങ്ങള്‍ മാറുന്നത് അനുസരിച്ച് അത്തരത്തിലുള്ള ബോധവത്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി.യാത്രകള്‍ മാറ്റിവയ്ക്കാം, പൊതു ഇടങ്ങള്‍ ഒഴിവാക്കാം എന്ന തലക്കെട്ടില്‍ സ്കൂട്ടര്‍ യാത്രക്കാരനോട് പോലീസ് ഉദ്യോഗസ്ഥ പറയുന്ന രീതിയില്‍ തയ്യാറാക്കിയതും ചടങ്ങുകള്‍ എന്തുമാകട്ടെ, പ്രതിരോധം മറക്കരുത് എന്ന തലത്തില്‍ തിലകന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന് എന്നിവരുടെ ചിത്രങ്ങളിലെ ഡയലോഗുകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പോസ്റ്ററുകളും തയ്യാറാക്കി നവമാധ്യങ്ങളിലൂടെ പ്രചരിപ്പിരുന്നു.
ചിത്രഗുപ്തനും, യമരാജനും തമ്മിലുള്ള സംഭാഷണത്തിലൂടെ തയ്യാറാക്കിയ പോസ്റ്ററാണ് ഏറെ വൈറലായതും ശ്രദ്ധിക്കപ്പെട്ടതും.
മന്ത്രിയുടെയും കളക്ടറുടെയും അനുമോദനം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നവമാധ്യമങ്ങളിലൂടെ മിന്നും പ്രകടനം കാഴ്ചവച്ച മനുവിനെ മന്ത്രിയും കളക്ടറും അനുമോദിച്ചു. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മനു കോവിഡ് കാലത്ത് ചെയ്ത ബോധവത്ക്കരണ നന്മ പ്രവര്‍ത്തികള്‍ മുന്‍ നിര്‍ത്തി ആദരിച്ചത്.
മനുവിന്റെ പോസ്റ്റുകള്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സാണ്ടറുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മനുവിനെ കളക്ട്രേറ്റിലേക്ക് വിളിപ്പിച്ചു. കളക്ടറുടെ ചേംബറില്‍ അര മണിക്കൂറോളം ചെലവഴിച്ച് പോസ്റ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
ഇത്തരം പോസ്റ്റുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പോസ്റ്റുകള്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കളക്ടര്‍ ഉപഹാരവും നല്‍കിയാണ് യാത്രയാക്കിയത്.
മറ്റ് നിരവധി സംഘടനകളും മനുവിനെ ആദരിച്ചിരുന്നു. ഇപ്പോഴും ആനുകാലികമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോസ്റ്ററുകൾ തയ്യാറാക്കി കോവിഡിനെതിരെയുള്ള പോരാട്ടം തുടരുകയാണ് മനു.