സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുണ്ട്. ഇത്തരക്കാർക്ക് എട്ടിന്റെ പണിയും ചിലപ്പോൾ കിട്ടാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഉത്തരേന്ത്യക്കാരനായ ഡോക്ടറാണു വൈറലായ വീഡിയോയുടെ സൃഷ്ടികർത്താവ്.
തെരുവിൽ പിഞ്ചുകുഞ്ഞിനൊപ്പം ഇരിക്കുന്ന യാചകസ്ത്രീയുടെ അടുത്തേക്ക് അയാള്‍ പോകുന്നു. ഭിക്ഷ പ്രതീക്ഷിച്ച് സ്ത്രീ കൈ നീട്ടി. ഡോക്ടർ അവർക്കു കൊടുത്തതു പണമായിരുന്നില്ല, പകരം ഗർഭനിരോധന ഉറ! ‘കുട്ടികളുള്ള വഴിയോര ഭിക്ഷാടകരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമുള്ള ഏറ്റവും നല്ല മാര്‍ഗം’ എന്ന കുറിപ്പോടെയാണ് ദീപാവലി ദിനത്തിൽ ഡോക്ടർ വീഡിയോ പങ്കുവച്ചത്.
വൈറലായെങ്കിലും ഡോക്ടർ തെറിയഭിഷേകത്തിൽ കുളിച്ചു. നിന്ദ്യവും അരോചകവും അനാവശ്യവുമായ വീഡിയോ ആണിതെന്നു സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ഒടുവിൽ ഡോക്ടർ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി.