പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്.
ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
െഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെങ്കി, എലിപ്പനി മരണങ്ങള് സംബന്ധിച്ച വിവരങ്ങളും പുറത്തു നല്‍കുന്നില്ല. ഡെങ്കി കൂടുതലായി ബാധിച്ച പ്രദേശങ്ങളെയും വാര്‍ഡുകളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.
എന്നാല്‍, ഏതെല്ലാം മേഖലകളില്‍ എത്ര രോഗബാധിതര്‍ ഉണ്ടെന്നു വ്യക്തമാകാത്തതിനാല്‍ ആ മേഖലകളില്‍ ജാഗ്രതക്കുറവുണ്ടാകുന്നുണ്ട്. വൈറല്‍പനി വ്യാപകമായ ഘട്ടത്തില്‍ എച്ച്1 എന്‍1 രോഗബാധിതരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. വായുവിലൂടെയാണ് എച്ച്1 എന്‍1 രോഗാണുക്കള്‍ പടരുന്നത്. ആശുപത്രികളിലുണ്ടാകുന്ന വന്‍തിരക്കും രോഗപകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്.
പനി ബാധിതരും മറ്റു രോഗമുള്ളവരും പ്രതിരോധ കുത്തിവയ്പിനു വരുന്നവരുമൊക്കെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഒരു സ്ഥലത്തു തന്നെയാണ് ഇരിക്കേണ്ടിവരുന്നത്.നിര്‍മാണത്തിലിരിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥലപരിമിതി മൂലം വന്‍ തിരക്കാണ് അനുഭവപ്പെട്ടു വരുന്നത്.