പലതരം ബിരിയാണികളുണ്ട്. മിക്കവരും ഇതിൽ പലതും രുചിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാൽ, “ഹോസ്റ്റൽ ബിരിയാണി’ യെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഇതിന്റെ പാചകം പരിചയമുണ്ടാകാനും വഴിയില്ല.
പക്ഷേ, ഓൺലൈനിൽ ഇപ്പോൾ തരംഗമായിരിക്കുകയാണു ഹോസ്റ്റൽ ബിരിയാണി. ഇതു തയാറാക്കാൻ ചെമ്പോ, പ്രഷർ കുക്കറോ, ഗ്യാസ് അടുപ്പോ ഒന്നും ആവശ്യമില്ല. എന്തിന് അടുക്കള പോലും വേണ്ട. വെള്ളം തിളപ്പിക്കാനുപയോഗിക്കുന്ന കെറ്റിൽ മാത്രം ഉപയോഗിച്ചു മുറിയിലിരുന്ന് ഈ ബിരിയാണി തയാറാക്കാം.
ആദ്യം കെറ്റിലിൽ വെള്ളമൊഴിച്ച് സവാള, തക്കാളി തുടങ്ങിയ പച്ചക്കറികൾ വേവിക്കുന്നു. പിന്നീട് ബിരിയാണി അരി വേവിച്ച് ചേരുവകളെല്ലാം ചേർക്കുന്പോൾ ബിരിയാണി തയാർ. ഹോസ്റ്റലിൽ താമസിക്കുവർക്ക് മേട്രൺ അറിയാതെ ഇതു ഉണ്ടാക്കി കഴിക്കാം.
ഉജാല മൗര്യ എന്ന പെൺകുട്ടിയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തത്. പുത്തൻ ബിരിയാണി പരീക്ഷിച്ചു നോക്കിയെന്നും ഉഗ്രനായിരിക്കുന്നുവെന്നും ഹോസ്റ്റൽ നിവാസികളായ പെൺകുട്ടികൾ കമന്റ് ചെയ്തു.