ഓരോരോ രാജ്യത്തിനും അവരുടെ പട്ടാളത്തിന് വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. സമൂഹ മാധ്യമങ്ങളില്‍ പല രാജ്യങ്ങളുടെയും മാര്‍ച്ചും മറ്റും ഹിറ്റായി മാറാറുണ്ട്.
അത്തരം കാഴ്ചകള്‍ നെറ്റിസനില്‍ കൗതുകം ഉളവാക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഏറെ നേടിയിരിക്കുകയാണ് ഗ്രീസിന്‍റെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സായ എവ്‌സോണുകള്‍.
സമ്പന്നമായ ചരിത്രമുള്ള ഗ്രീസിലെ എലൈറ്റ് സൈനികരാണ് എവ്‌സോണുകള്‍. യഥാര്‍ഥത്തില്‍, അവര്‍ ഗ്രീക്ക് ആര്‍മിയിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയും പര്‍വത യൂണിറ്റുകളുമായിരുന്നു.
ഇന്ന്, ഈ പദം പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് ഈ എവ്‌സോണുകളെല്ലാം ഹെല്ലനിക് ആര്‍മിയുടെ ഇന്‍ഫന്‍ട്രി കോര്‍പ്‌സില്‍ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ്.
ഇവരുടെ യൂണിഫോമും വ്യത്യസ്തമാണ്. ഓട്ടോമന്‍ അധിനിവേശത്തിനെതിരേ പോരാടിയ ഗ്രീക്ക് പ്രതിരോധ പോരാളികളായ ക്ലെഫ്റ്റുകള്‍ ധരിച്ച വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എവ്‌സോണുകള്‍ക്ക് വസ്ത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ വേറിട്ട വസ്ത്രധാരണം എവ്സോണുകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയരാക്കി മാറ്റി.
അടുത്തിടെ അവരുടെ മാര്‍ച്ചിന്‍റെ ഒരു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദൃശ്യങ്ങളില്‍ എവ്‌സോണുകള്‍ സ്ലോമോഷനില്‍ മാര്‍ച്ച് ചെയ്യുന്നതാണുള്ളത്. “മിഡ്-എയര്‍ ഫുട്ട് ബാലെ’എന്ന് വിളിപ്പേരുള്ള അവരുടെ ഉയര്‍ന്ന കിക്കുകളും കൃത്യമായ ചലനങ്ങളും തീര്‍ച്ചയായും കണ്ണഞ്ചിപ്പിക്കും.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “ഏറെ കൗതുകകരം, അദ്ഭുതാവഹം’ എന്നാണൊരാള്‍ കുറിച്ചത്.