വൈറലാകുന്ന ‘കസ്റ്റഡി സെല്‍ഫി’ക്ക് പിന്നിലെ വാസ്തവം ഇതാണ്! വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥന്‍

jjനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ‘കസ്റ്റഡിയിലെ സെല്‍ഫി’ എന്ന അടിക്കുറിപ്പോടെ രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് പോലീസുകാരുടെ ഇടയില്‍ ദിലീപ് നില്‍ക്കുന്ന സെല്‍ഫിയാണ് കസ്റ്റഡിയിലായ ദിലീപിനൊപ്പം പോലീസുകാരെടുത്ത ഫോട്ടോ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഗതി കാര്യമായപ്പോള്‍ വിശദീകരണവുമായി ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ സൈമണ്‍ തന്നെ നേരിട്ട് രംഗത്തെത്തി. കറുത്ത ഷര്‍ട്ടിട്ട് നില്‍ക്കുന്ന ദിലീപിനൊപ്പം അരുണ്‍ സൈമണും മറ്റൊരു പോലീസുകാരനും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ദിലീപിന്റെ അറസ്റ്റോടെ വിവാദമായത്.

സമാനമായ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് ദിലീപിനെ പോലീസ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയതും. ഇതോടെയാണ് ഫോട്ടോ വൈറലായി മാറിയത്. ദിലീപിന് കസ്റ്റഡിയില്‍ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസില്‍ നിന്ന് ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചു കൊണ്ടുള്ള വിമര്‍ശനവും ചിത്രം ഉയര്‍ത്തി. കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയതോടെയാണ് ഫോട്ടോയിലുള്ള അരുണ്‍ സൈമണ്‍ എന്ന പോലീസുകാരന്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അരുണ്‍. അത് ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ല, ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത സെല്‍ഫിയാണെന്നാണ് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. ‘കസ്റ്റഡിയിലെ സെല്‍ഫി’ എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ്’.

Related posts