കിടങ്ങൂർ: പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്കു പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൻസ.
കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൻസയെ അഭിനന്ദിക്കാനും പാട്ടു നേരിട്ട് ആസ്വദിക്കാനുമാണ് മന്ത്രി എം.ബി. രാജേഷ് എത്തിയത്.
സരസ്മേളയിൽ 69കാരി അൽഫോൻസ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു.
സ്കൂളിൽ പഠിക്കുന്പോൾ അധ്യാപികയായ അച്ചാമ്മ ദിവസവും പാട്ടു പാടിക്കുമായിരുന്നു. അങ്ങനെ പാട്ടു പാടി പഠിച്ചു. പത്താം ക്ലാസിന് ശേഷം പഠനം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം ബാക്കിനിന്നു.
തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു.
കിടങ്ങൂർ ശ്രീമുരുകൻ തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ കേട്ടുപഠിച്ച തൃഷ്ണ സിനിമയിലെ മൈനാകം… എന്ന പാട്ട് അൽഫോൻസ മന്ത്രിക്കായി പാടി.