സമൂഹം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. ഒറ്റയ്ക്ക് തനിച്ച് പുറത്തു പോകുന്നതിനു പോലും അവൾക്ക് സാധിക്കാതെ വരുന്നു. നിർഭയത്തോടെ രാത്രി റോഡിൽ കൂടി യാത്ര ചെയ്യാനുള്ള അവസരത്തിനായി ഇനിയും കാലങ്ങൾ കാത്തിരിക്കണം. ഇപ്പോഴിതാ ചിക്കാഗോ നരഗത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് കുറച്ച് ടിപ്പുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ മേരി ആലിസ്.
വീട്ടിൽ/അപാർട്മെന്റിൽ കയറിച്ചെന്ന ഉടനെ തന്നെ ലൈറ്റ് ഓൺ ചെയ്യരുത് എന്നാണ് ആദ്യത്തെ ടിപ്പ്. നിങ്ങൾ ഉടനടി ലൈറ്റ് ഓൺ ചെയ്താൽ എവിടെയാണ് താമസിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ മറ്റുള്ളവരെ സഹായിക്കും. പ്രത്യേകിച്ചും നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അവരെ.
ലിവിംഗ് റൂമിലെയോ ബെഡ്റൂമിലെയോ ലൈറ്റ് ഇടരുത്. പുറത്തു നിന്ന് ആരെങ്കിലും നിങ്ങൾ ഏത് വീട്ടിലാണ് താമസിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് എളുപ്പം മനസിലാക്കാൻ സാധിക്കും എന്നും മേരി പറയുന്നു.
പണ്ട് താൻ നേരിട്ട ഒരു ദുരനുഭവവും മേരി പങ്കുവച്ചു. ഒരിക്കൽ അവർ കാറിൽ നിന്നിറങ്ങിയപ്പോൾ അപരിചിതനായ ഒരാൾ അടുത്തുവന്നു. നിങ്ങളുടെ കാറിന്റെ ഹെഡ്ലൈറ്റിന് പ്രശ്നമുണ്ട് എന്ന് അവർ പറഞ്ഞു. മേരി അയാൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയും ചെയ്തു.
പിന്നീട്, വീട്ടിലെത്തി റിംഗ് കാമറ പരിശോധിച്ചപ്പോൾ അയാൾ അവിടെ നിന്ന് തന്നെ നിരീക്ഷിക്കുന്നത് കണ്ടു. താൻ ഏത് വീട്ടിലേക്കാണ് കയറുന്നത് എന്നാണ് അയാൾ നോക്കിയിരുന്നത്. അയാൾ പോകുന്നത് വരെ താൻ ക്ഷമയോടെ കാത്തിരുന്നു. അയാൾ പോയ ശേഷമാണ് താൻ ലൈറ്റ് ഓൺ ചെയ്തത് എന്നും അവർ പറയുന്നു.