കാറ്റും മഴയും ജോലിക്ക് തടസമേയല്ല; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ പോലീസുകാരന്‍: മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്ന് കനത്ത മഴയില്‍ ട്രാഫിക് നിയന്ത്രിച്ച പോലീസുകാരന്‍ ഇതാണ്

കഠിനമായ മഴയേയും കാറ്റിനേയും വകവെയ്ക്കാതെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മുഴുകിയ ഒരു അസം പോലീസുകാരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൈയടി നേടുന്നത്. അസം പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായത്.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്ന് കനത്ത മഴയില്‍ ട്രാഫിക് നിയന്ത്രിച്ച മിഥുന്‍ ദാസ് എന്ന ട്രാഫിക് കോണ്‍സ്റ്റബിളിനെ പ്രശംസിച്ചാണ് ട്വീറ്റ്. ഗുവഹാട്ടിയിലെ തിരക്കുള്ള ഒരു കവലയില്‍നിന്ന് പകര്‍ത്തിയ എട്ട് സെക്കന്‍ഡ് വീഡിയോയാണ് മിഥുന്‍ ദാസിന്റെ കര്‍മനിരതയ്ക്ക് പ്രശംസ നേടിക്കൊടുത്തത്.

കോരിച്ചൊരിയുന്ന മഴയത്തും മഴക്കോട്ട് ധരിക്കാതെ തന്റെ കര്‍ത്തവ്യം നിര്‍വഹിച്ച മിഥുന്‍ ദാസിനെ പ്രശംസ കൊണ്ട് മൂടുകയാണ് മേലുദ്യോഗസ്ഥരും മറ്റുള്ളവരും. ഒരു വ്യക്തിക്ക് തന്റെ കര്‍ത്തവ്യത്തോടുള്ള ആത്മാര്‍ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന് വീഡിയോ ഷെയര്‍ ചെയ്ത് അസം പോലീസ് ഔദ്യോഗികട്വിറ്റര്‍ പേജില്‍ കുറിച്ചു.

Related posts