‘ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍… ഇതിനൊരു അവസാനം ഇല്ലേ… ഒന്ന് അവസാനിപ്പിച്ചൂ കൂടെ’ എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ചോദിക്കാറുണ്ട്. അഖിലേ, നീ പഠിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്ന് ഞാന്‍ എന്നോട് തന്നെ എപ്പോഴും പറയാറുമുണ്ട്’ ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ തണല്മരത്തിനടുത്തായി ബൈക്കില്‍ ചാരിയിരുന്ന് ഇതു പറയുമ്പോള്‍ അഖില്‍ ശിവദാസന്‍ എന്ന 24കാരന്റെ വാക്കുകളില്‍ നല്ല നിശ്ചയദാര്‍ഢ്യം നിഴലിച്ചിരുന്നു.
ഇന്ന് കേരളത്തിലും മറുനാട്ടിലുമൊക്കെ പാലക്കാട് നെന്മാറക്കാരനായ അഖില്‍ ശിവദാസന്‍ താരമാണ്. കഴിഞ്ഞ ദിവസം നസ്രു എന്ന വ്ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അഖിലിനെ ജീവിതം മാറ്റിമറിച്ചത്. വരാപ്പുഴ മുട്ടാര്‍ പാലത്തിനടുത്ത് തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന സൊമാറ്റോ ജീവനക്കാരന്റെ ആ വൈറല്‍ വീഡിയോ ഇതിനകം എട്ട് മില്യണ്‍ വ്യൂവേഴ്സാണ് കണ്ടത്. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം പോകുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ അഖില്‍ ശിവദാസ് വേറിട്ടു നില്ക്കുന്നു. അഖിലിന്റെ ജീവിത കഥയിലേക്ക്…
വൈറലായ വീഡിയോ
സൊമാറ്റോ ജീവനക്കാരന്റെ കുപ്പായം അണിഞ്ഞ അഖില്‍ ശിവദാസന്‍ തന്നെ വൈറലാക്കിയ ആ വീഡിയോയെക്കുറിച്ച് പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു… തൊണ്ട ഇടറി… പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് തുടര്‍പഠനം സാധ്യമാകാതെ വന്നതോടെ ജോലി തേടി കൊച്ചിയിലെത്തിയതാണ് ഞാന്‍. അതിനിടെ ഹൗസ് ബില്‍ഡിംഗ്, നഴ്സിംഗ് പഠനത്തിനു മുന്നോടിയായുള്ള കോഴ്സിന് ചേര്‍ന്നു. ഫീസ് അടയ്ക്കാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് പാര്‍ട്ട് ടൈമായി സൊമാറ്റോ ജീവനക്കാരന്റെ ജോലി ചെയ്യുന്നത്.
ഫെബ്രുവരി ഒന്നിന് പതിവുപോലെ ക്ലാസ് കഴിഞ്ഞെത്തി രാത്രിവരെ സൊമാറ്റോ ഡെലിവറിക്കു പോയി. രാത്രി പത്തായിക്കാണും. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങി മുട്ടാര്‍ പാലത്തിലിരുന്നു കഴിച്ചു. പിന്നെ ഓര്‍ഡര്‍ കിട്ടാന്‍ മുക്കാല്‍ മണിക്കൂറോളം താമസമുണ്ട്. പിറ്റേന്ന് ഒരു ക്ലാസ് ടെസ്റ്റും ഉണ്ടായിരുന്നു. തലേന്ന് പഠിപ്പിച്ചത് കുറച്ചുകൂടി പഠിച്ചു തീര്‍ക്കാനുമുണ്ട്.
അതുകൊണ്ട് പാലത്തിലെ സ്ട്രീറ്റ് ലൈറ്റിനു കീഴെ അരണ്ട വെളിച്ചത്തിലിരുന്നു പഠിക്കുമ്പോഴാണ് നസ്രു ബ്രോ ആ വഴിവന്ന് എന്നോട് കാര്യങ്ങള്‍ ചോദിച്ച് വീഡിയോ എടുത്തത്. അത് ഇത്ര വൈറല്‍ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കൂട്ടുകാര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീഡിയോ വൈറലായ കാര്യം ഞാന്‍ അറിഞ്ഞത്.
രണ്ടാഴ്ച കഴിഞ്ഞ് ഫീസ് അടയ്ക്കണം. വീട്ടിലേക്ക് എന്തെങ്കിലും പൈസ കൊടുക്കണം. മുന്നോട്ടുള്ള വഴി എന്തെന്ന് അറിയാതെ പകച്ചു നിന്ന എന്റെ മുന്നില്‍ നസ്രു ബ്രോ ദൈവമായിട്ടാണ് എത്തിയത്. അഖിലിന്റെ വാക്കുകളില്‍ വ്ളോഗര്‍ നസ്രുവിനോടുള്ള കടപ്പാട് നിറയുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പഠിച്ച് ജോലി നേടണം
മഞ്ഞുമ്മലില്‍ പിതൃ സഹോദരനും കുടുംബത്തിനുമൊപ്പം വാടകവീട്ടിലാണ് അഖിലിന്റെ താമസം. നെന്മാറ ചക്രായിലെ അഞ്ചു സെന്റില്‍ ഒരു കൊച്ചുവീടാണ് അഖിലിനുള്ളത്. അവിടെ മാതാപിതാക്കളായ ശിവദാസനും ചന്ദ്രികയും പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് സഹോദരന്മാരുമുണ്ട്. കുട്ടിക്കാലം മുതല്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു അഖിലിന്റെ താമസം.
പത്തു മാസത്തെ പഠനശേഷം തുടർപഠനത്തിനു ജര്‍മനിയിലേക്ക് പോകാന്‍ ആറു ലക്ഷം രൂപയെങ്കിലും വേണം. ഇതിനുള്ള പണം കണ്ടെത്താനായി നിലവിൽ പണയത്തിലുള്ള ആ വീടും സ്ഥലവും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ശിവദാസന്‍. മുത്തശിയുടെ മാല പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് ഇതുവരെയുള്ള ഫീസ് അടച്ചതെന്ന് അഖില്‍ വിഷമത്തോടെ പറഞ്ഞു.
ശിവദാസന്‍ വീടിനടുത്തുള്ള ഒരു ചായക്കടയിലാണ് ജോലി ചെയ്യുന്നത്. അതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുചെലവുകള് നടത്തുന്നത്. എല്ലാ കടവും വീട്ടണം. അതിനു പഠിച്ച് ജോലി വാങ്ങണം. ജര്‍മനിയില്‍ മൂന്നു വര്‍ഷം പഠിച്ചാലെ പഠനം പൂര്‍ത്തിയാകൂ. അതിനുശേഷമേ ജോലി കിട്ടൂ. അതുകൊണ്ടുതന്നെ പഠനം അല്ലാതെ മറ്റു മാര്‍ഗമൊന്നും തന്റെ മുന്നിലില്ലെന്ന് അഖില്‍ പറയുന്നു.
പ്ലസ്ടു പഠനശേഷം 2018ല്‍ എറണാകുളത്ത് കോള്‍ സെന്ററില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവായി മൂന്നു വര്‍ഷം അഖില്‍ ജോലി ചെയ്തിരുന്നു. പിന്നീട് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തശേഷം പാലക്കാട്ടെ ഒരു ആശുപത്രിയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി. പക്ഷേ ജീവിതം മുന്നോട്ടു പോകില്ലെന്ന അവസ്ഥ വന്നപ്പോള്‍ വീണ്ടും എറണാകുളത്തേക്ക് വണ്ടി കയറി.
സൊമാറ്റോ വിതരണക്കാരന് എന്ന ജോലിക്കൊപ്പം പാര്‍ട്ട് ടൈമായി വിദേശത്തുപോകാനുള്ള പഠനവും തുടങ്ങി. കടവന്ത്രയിലെ ഗ്ലാന്സെന്ഡ് അക്കാഡമിയിലാണ് പഠനം. നാല് ലെവലായുള്ള പഠനത്തിന് 45,000 രൂപയാണ് ഫീസ്. പരീക്ഷ ഫീസ് 25,000 രൂപയ്ക്ക് മുകളില്‍ വരും. ലോണിനായി പല ബാങ്കുകളിലും കയറിയിറങ്ങിയിട്ട് നിരാശയായിരുന്നു ഫലം.
ക്ലാസ് കഴിഞ്ഞെത്തി വൈകുന്നേരം നാലിനുശേഷമാണ് അഖില്‍ ജോലിക്കു പോകുന്നത്. മാക്സിമം അഞ്ച് ഓർഡറുകളൊക്കെ മാത്രമാണ് അഖിലിനു കിട്ടുന്നത്. ഓർഡറുകള്‍ കൂടുതല്‍ കിട്ടിയാല്‍ അതനുസരിച്ച് ഇന്‍സെന്റീവും കിട്ടും. കഴിഞ്ഞയാഴ്ച അറുനൂറ് രൂപയാണ് കിട്ടിയത്.
വീഡിയോ വന്നതിനുശേഷം പലരും വിളിച്ച് ചെറിയ സഹായമൊക്കെ അഖിലിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോണ്സര്ഷിപ്പില് പഠനം പൂര്‍ത്തിയാക്കാമെന്ന് ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.സംസാരിച്ചു നില്ക്കുന്നതിനിടയില് അഖിലിന്റെ ഫോണ്‍ ബെല്ലടിച്ചു. മറുതലയ്ക്കല്‍ അമ്മയാണെന്നു പറഞ്ഞ്, സ്ക്രീന്‍ പൊട്ടിപ്പോയി റബര്‍ ബാന്റിട്ട ഫോണിലെ കോള്‍ അഖില്‍ അറ്റന്‍ഡ് ചെയ്തു. ചില്ലൊക്കെ പൊട്ടിയെങ്കിലും പുതിയതൊന്നു വാങ്ങാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. ഫോണിലേക്ക് നോക്കി അഖില്‍ പറഞ്ഞു നിര്‍ത്തി.
സീമ മോഹന്‍ലാല്‍