സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വൈറല്‍ ചലഞ്ചുകള്‍ വരാറുണ്ട്. ഫോളോവേഴ്‌സിനെ കൂട്ടാനായി പലരും ആരോഗ്യ അവസ്ഥ പോലും കണക്കാക്കാതെ ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുക്കാറുമുണ്ട്. ചില ചലഞ്ചുകള്‍ വിജയിക്കും എന്നാല്‍ മറ്റ് ചിലത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു വൈറല്‍ ചലഞ്ച് എടുത്ത് പണി വാങ്ങിയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള ടിക്ടോകർ.
വൈറല്‍ ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായി നാല് ലിറ്റര്‍ വെള്ളം പന്ത്രണ്ട് ദിവസം കുടിച്ചാണ് യുവതി ആശുപത്രിയിലായത്. 75 ഹാര്‍ഡ് എന്നായിരുന്നു ചലഞ്ചിന്‍റെ പേര്. 75 ദിവസത്തേക്ക് നാല് ലിറ്റര്‍ വെള്ളം കുടിക്കുക എന്നതായിരുന്നു ചലഞ്ച്.
വെള്ളം കുടിക്കുന്നതോടൊപ്പം ഡയറ്റും ഈ ചലഞ്ചിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. മദ്യം ഉള്‍പ്പെടുത്തരുതെന്ന നിബന്ധനയും ചലഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവസവും രണ്ട് പ്രാവശ്യമായി 45മിനിറ്റ് വ്യായാമം. ഒരു ദിവസം പത്ത് പേജുകള്‍ വായിക്കുക, ദിവസവും ഉണ്ടാകുന്ന പുരോഗമനങ്ങള്‍ ഫോട്ടോ എടുക്കുക എന്നിവയും ഇതിള്‍ ഉള്‍പ്പെടുന്നു. മിഷേല്‍ ഫെയര്‍ബേണ്‍ തിങ്കളാഴ്ച ടിക്‌ടോകില്‍ ഒരു വീഡിയോ പങ്കിട്ടിരുന്നു. ചുരുങ്ങിയ മണിക്കൂറില്‍ 4 ലിറ്റര്‍ വെള്ളം കുടിച്ചതിനാല്‍ തനിക്ക് ജലവിഷബാധയുണ്ടെന്ന് കരുതിയതായി അവര്‍ വീഡിയോയിൽ പറഞ്ഞു.
പന്ത്രണ്ടാം ദിവസം മുതലാണ് ഇവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. തനിയ്ക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും, ശരീരത്തിന് ബലക്കുറവ് തോന്നുക, ഭക്ഷണം കഴിക്കാന്‍ സാധിക്കാതിരിക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നതായി യുവതി പറഞ്ഞു.
പരിശോധനയ്ക്ക് ശേഷം യുവതിയ്ക്ക് കടുത്ത സോഡിയത്തിന്‍റെ കുറവുണ്ടെന്ന് കണ്ടെത്തി. ദിവസേന നാല് ലിറ്ററിന് പകരം പ്രതിദിനം അര ലിറ്ററില്‍ താഴെ വെള്ളം കുടിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ സോഡിയം അമിതമായി കുറയുന്നത് ജീവനുതന്നെ ഭീഷണിയായേക്കാം. അതേസമയം സോഡിയം കുറവ് മാരകമായ പ്രശ്‌നമാണെന്നും,അതിനാല്‍ താന്‍ ഇപ്പോള്‍ ആശുപത്രിയിലേക്ക് പോകുന്നെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി.