ന്യൂഡൽഹി: 13 വർഷമായി വീൽ ചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരിയായ യുവതിയോടു വീൽചെയറിൽനിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ. ഭിന്നശേഷി അവകാശ പ്രവർത്തക കൂടിയായ വിരാലി മോദിക്കാണു ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന്റെ അധിക്ഷേപം നേരിടേണ്ടിവന്നത്.
തിങ്കളാഴ്ച വൈകിട്ടു ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള പോകുന്നതിനു വേണ്ടിയാണു വിരാലി വിമാനത്താവളത്തിലെത്തിയത്. വീൽചെയർ കാർഗോയിൽ ഏൽപ്പിച്ച ശേഷം വിരാലിയെ സീറ്റിൽ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പരിശോധനാ കൗണ്ടറിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥ വിരാലിയോടു വീൽചെയറിൽനിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.
തനിക്ക് എഴുന്നേറ്റുനിൽക്കാൻ സാധിക്കില്ലെന്നു പറഞ്ഞപ്പോൾ, വിരാലി അഭിനയിക്കുകയാണെന്നും നാടകം കളിക്കുകയുമാണെന്നുമാണു കോണ്‍സ്റ്റബിൾ പറഞ്ഞത്. വീൽചെയർ ഉപയോഗിക്കുന്പോൾ തന്നെ, നിരന്തരം വിദേശയാത്രകൾ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി പാസ്പോർട്ട് ഉദ്യോഗസ്ഥയെ കാണിച്ചെങ്കിലും കാര്യമുണ്ടായില്ല.
തർക്കത്തിനിടയിൽ ഉദ്യോഗസ്ഥയുടെ പേരു കൃത്യമായി കാണാൻ സാധിച്ചില്ലെന്നും വിരാലി സിഐഎസ്എഫിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എത്തി പരിശോധിച്ചശേഷം വിരാലിയെ പോകാൻ അനുവദിക്കുകയായിരുന്നു.
2006-ൽ ഉണ്ടായ അപകടത്തിൽ സ്പൈനൽകോഡിനു ക്ഷതമേറ്റതു മുതൽ വീൽചെയറിലാണു വിരാലിയുടെ യാത്ര. അരയ്ക്കു താഴേയ്ക്കു വിരാലിയുടെ ശരീരം തളർന്ന നിലയിലാണ്. മോഡലിംഗിൽ ഉൾപ്പെടെ സജീവമാണു വിരാലി.