ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ആ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരം ഇന്ത്യയിൽ നിലനിന്നിരുന്നു എന്നു നമ്മൾ കേട്ടിട്ടുണ്ട്.
വില്യം കേറിയുടെയും രാജാറാം മോഹൻ റോയിയുടെയുമൊക്കെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളാണ് ഈ അനാചാരത്തിന് ഒടുവിൽ തടയിട്ടത്. ഇതിനു സമാനമായൊരു ആചാരം ഇന്തോനേഷ്യൻ ഗോത്രവർഗങ്ങൾക്കിടയിലുണ്ട്.
ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലെ സ്ത്രീകളെ കണ്ടാൽ അവരുടെ വിരലുകളൊന്നു നോക്കണം. ഒരു വിചിത്രമായ ആചാരത്തിന്റെ ശേഷിപ്പ് അവരുടെ കൈകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവും. മറ്റൊന്നുമല്ല, അവിടെയുള്ള സ്ത്രീകളുടെ ഭർത്താക്കൻമാർ മരണപ്പെട്ടാൽ സ്ത്രീകളുടെ കൈ വിരലുകൾ മുറിച്ചുമാറ്റും.
അതായത് ഭർത്താവ് മരണപ്പെട്ടതിന്റെ ദുഃഖം പേറി നിൽക്കുന്ന സ്ത്രീക്ക് മറ്റൊരു വേദന കൂടി ആ സമൂഹം കൽപ്പിക്കുന്നുവത്രേ. പൂർവിക പ്രേതങ്ങളെ തൃപ്തിപ്പെടുത്താനാണ് അവരിങ്ങനെയെല്ലാം ചെയ്യുന്നത്.
ഈ ആചാരത്തിന്റെ ഏറ്റവും രസകരമായ സംഭവം പുരുഷൻമാർക്ക് ഇതു ബാധകമല്ല എന്നതാണ്. അതായതു സ്ത്രീകൾ മരിച്ചാൽ പുരുഷൻമാർ കൈവിരലുകൾ മുറിക്കേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ വലിയൊരു പരീക്ഷണഘട്ടത്തിൽനിന്ന് അവർ നൈസായിട്ട് ഒഴിവായി എന്നു പറയാം.
സ്ത്രീകൾക്കാണ് പെടാപ്പാട്. ഒരു വശത്ത് തന്റെ ജീവന്റെ പാതിയെ നഷ്ടപ്പെട്ട വേദന, മറുവശത്തു വിരലുകൾ മുറിച്ചുകളയുന്പോഴും അതിനെ തുടർന്നുണ്ടാകുന്നതുമായ വേദന.
നിരോധിച്ചിട്ടും
ഇക്കിപാലിൻ എന്നാണ് വിചിത്രമായ ഈ ആചാരം അറിയപ്പെടുന്നത്. ഈ ആചാരം കുറച്ച് വർഷങ്ങൾക്ക് മുന്പ് ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചതാണ്. എന്നാലിപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ ആചാരം രഹസ്യമായി നടക്കുന്നുണ്ടത്രേ.
ഈ ഗോത്രത്തിലെ പല മുതിർന്ന സ്ത്രീകളുടെയും കൈവിരലുകളിലേക്കു നോക്കിയാൽ മതി ഇതിന്റെ രൂക്ഷത അറിയാം. രണ്ടര ലക്ഷം അംഗങ്ങളുള്ള ഡാനി ഗോത്രം പടിഞ്ഞാറൻ ന്യൂ ഗിനിയയിലെ ഉയർന്ന പ്രദേശങ്ങളിലാണ് വസിക്കുന്നത്.
കൊടും ക്രൂരത
പല രീതിയിലാണ് കൈ വിരലുകൾ മുറിക്കുന്നത്. മൂർച്ചയുള്ള കത്തി ഉപയോഗിച്ചാവാം, അതല്ലെങ്കിൽ ഉപകരണങ്ങളൊന്നും ഇല്ലാതെ വിരലിനു ചുറ്റും ഒരു കയർ ഉപയോഗിച്ചു വലിച്ചുമുറുക്കി കെട്ടി ഞരന്പുകളെ ക്ഷയിപ്പിച്ചാവാം… അങ്ങനെ പല മാർഗവും ഇവർ സ്വീകരിക്കാറുണ്ട്.
മുറിച്ചുമാറ്റപ്പെട്ട വിരൽ സംസ്കരിക്കാറാണ് പതിവ്. സാധാരണയായി പ്രായപൂർത്തിയായ സ്ത്രീകളാണ് വിരലുകൾ അരിഞ്ഞവരും അരിയുന്നവരും.
എന്നാൽ, മറ്റൊരു ആചാരത്തിന്റെ ഭാഗമായി അമ്മമാർ അവരുടെ കുഞ്ഞുങ്ങളുടെ വിരലുകൾ കടിച്ചുമുറിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്യുക വഴി തങ്ങളുടെ കുട്ടി ദീർഘകാലം ജീവിക്കുമത്രേ.