സ്പോട്ട്ലൈറ്റ് സ്കൗട്ട്സ് ആൻഡ് ഓറിയോൺ ഹോസ്റ്റല്‍സ് സഹസ്ഥാപകനായ സഞ്ചിത് മഹാജൻ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. 2025 ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 353 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു
അദ്ദേഹം. അതിനിടയിൽ അദ്ദേഹം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.
യാത്രക്കിടയിൽ 70 വയസ് തോന്നിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തല കറങ്ങി വീഴുകയും ചെയ്തു. എന്നാൽ ഫ്ലൈറ്റിനുള്ളിൽ മെഡിക്കൽ പ്രൊഫഷണലുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യം നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ പെട്ടെന്ന് സജീവമായി.
പെട്ടെന്നാണ് അവർക്കിടയിൽ നിന്നും ഒരു അംഗം ധൈര്യം കൈവിടാതെ രോഗിയെ പരിചരിക്കാൻ തയാറായി. പ്രഥമ ശുശ്രൂഷ നൽകി ആ മനുഷ്യന്റെ ജീവൻ കൈവിട്ടു പോകാതിരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. ഏകദേശം 40 മിനിറ്റോളം അദ്ദേഹത്തിനു ബോധം വരാനായി ക്യാബിൻ ക്രൂ അതീവ പരിശ്രമം നടത്തിക്കൊണ്ടേയിരുന്നു. തനിക്ക് ആ എയർലൈൻ ജീവനക്കാരിയുടെ പേര് അറിയാമെങ്കിലും സൂപ്പർ വുമൺ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും പോസ്റ്റിൽ മഹാജൻ പറയുന്നു.