പഠിക്ക് പഠിക്ക് പഠിക്ക് ഇത് കേൾക്കാത്ത ഒരൊറ്റ വിദ്യാർഥികൾ പോലും ഈ ലോകത്തില്ല. എന്നാൽ പഠനത്തേക്കാൾ അപ്പുറം സ്വന്തം കഴിവുകൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിയുന്പോഴേക്കും നമ്മൾ ഒരുപാട് വൈകിപ്പോകും. സർട്ടിഫിക്കറ്റുകളും മെഡലുകളുമെല്ലാം താൽക്കാലിക സന്തോഷം മാത്രമാണ് നൽകുന്നതെന്ന് കുറേക്കാലം കഴിഞ്ഞാകും നമുക്ക് ബോധ്യപ്പെടുക. അത് തെളിയിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോളജ് ടോപ്പർ ആയിട്ടും തനിക്ക് അനുയോജ്യമായ ഇന്റൺഷിപ്പ് കണ്ടെത്താൻ സാധിക്കാത്തതിലുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് ബിസ്മ ഫരീദ് എന്ന വിദ്യാർഥിനി. ഡൽഹിയിലെ ഹൻസ്രാജ് കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ബിസ്മ. തനിക്ക് 50 -ൽ പരം സർട്ടിഫിക്കറ്റുകളും 10 മെഡലുകളും അതിൽക്കൂടുതൽ ട്രോഫികളും ഉണ്ട്. എന്നാൽ ജോലിക്ക് ആവശ്യമായ കഴിവുകളൊന്നും തനിക്കില്ലന്ന് വളരെ വൈകിയാണ് മനസിലാക്കിയതെന്ന് ബിസ്മ പറയുന്നു.
എല്ലാ ക്ലാസിലും ടോപ്പ് മാർക്ക് വാങ്ങണമെന്നാണ് വീട്ടുകാരും അധ്യാപകരുമൊക്കെ പറഞ്ഞിരുന്നത്. അതനുസരിച്ച് ഫുൾ മാർക്ക് വാങ്ങാൻ മിക്കപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ഈ ഫുൾമാർക്കിലോ റാങ്കിലോ ഒന്നും യാതൊരു കാര്യവുമില്ലന്ന് പിന്നീടാണ് മനസിലായതെന്നും ബിസ്മ പറയുന്നു.
കന്പനികൾക്കൊന്നും ഈ സർട്ടിഫിക്കറ്റുകൾ ഒന്നുംതന്നെ ആവശ്യമില്ല. അവർ പറയുന്ന കാര്യങ്ങൾ പറയുന്ന സമയത്ത് കൃത്യമായും ചിട്ടയോടും ചെയ്തു കൊടുക്കുക എന്നതാണ് അവർക്ക് ആവശ്യം. എല്ലാം കാണാപാഠം പഠിച്ച് മാർക്ക് നേടുന്നതിൽ ഒരു കാര്യവുമില്ലന്ന് മനസിലായത് ഇപ്പോഴാണ്. ന്യമായ മാർക്കോടെ ഭാവിയിലേക്ക് ആവശ്യമായ മറ്റു കഴിവുകൾ കൂടി വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും തിരിച്ചറിയാൻ വൈകിപ്പോയി എന്നും പോസ്റ്റിൽ ബിസ്മ കുറിച്ചു.