ദിവസേന നിരവധി വിദേശികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്തെ പൈതൃകവും പാരന്പര്യവും ഭൂസമൃദ്ധിയുമൊക്കെ വീണ്ടും അവരെ ഇങ്ങോട്ടേക്ക് വരാൻ പ്രേരിപ്പിക്കുന്നു. ഇപ്പോഴിതാ ഒരു വിദേശ യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒമ്പത് വർഷം മുമ്പ് ഇന്ത്യയിലേക്ക് വരാൻ താനെടുത്ത തീരുമാനം എത്ര നന്നായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ വന്ന ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. യുഎസിൽ നിന്നുള്ള എലിയറ്റ് റോസെൻബെർഗ് ആണ് തന്റെ അനുഭവം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിക്കുന്നത്.
ഒരു ബിസിനസ് സംരംഭം തുടങ്ങാനായി ആദ്യം ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ ജീവിതച്ചിലവ് വളരെ കുറവാണ് എന്നും പോസ്റ്റിൽ പറയുന്നു. യുഎസിലാണെങ്കില് ആഡംബര ഹോട്ടലുകളിലും കണ്സേര്ട്ടുകള്ക്കും ഒക്കെ പോകേണ്ടി വരും എന്നാണ് യുവാവ് പറയുന്നത്.
ഇപ്പോൾ തന്റെ ചിലവ് ഇങ്ങനെയാണ്; മൊത്തം ഫർണിഷ്ഡായിട്ടുള്ള പുഴയുടെ തീരത്തുള്ള, പൊതു പൂളും ജിമ്മും ഉള്ള രണ്ട് മുറി അപാർട്മെന്റിലാണ് താമസിക്കുന്നത്. വീടിന് വാടക 55000 -ത്തിൽ താഴെയാണ്. ഗ്രോസറി വാങ്ങുന്നതിന് മാസം 21500 രൂപ. വീട്ടിൽ ജോലിക്ക് സഹായിക്കാനെത്തുന്നവർക്ക് 8000 രൂപ. പേഴ്സണൽ ട്രെയിനിംഗ് സെഷന് 900 രൂപ. ഇന്ത്യയിൽ താമസിക്കുന്നതു മൂലം യുവാവ് തനിക്കുണ്ടാകുന്ന നേട്ടങ്ങൾ പോസ്റ്റിൽ എണ്ണിപ്പറയുന്നുണ്ട്.
കൂടാതെ യുഎസ് പൗരനാണ് എന്നതിൽ ഇപ്പോഴും താൻ സന്തോഷമുള്ളവനാണ്. വർഷത്തിൽ ഒരിക്കൽ രാജ്യം സന്ദർശിക്കാറുണ്ട് എന്നും എലിയറ്റ് റോസെൻബെർഗ് പോസ്റ്റിൽ കുറിച്ചു.