ചായ കുടിക്കുന്ന സമയത്ത് ലഘുഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ ആദ്യം മനസിൽ ഓടി വരുന്നതിൽ ഒരു വിഭവമാണ് സമൂസ. പ്രാദേശിക മധുരപലഹാരക്കടകളിൽ സമൂസകൾ സുലഭമായി ലഭ്യമാണെങ്കിലും ഓരോ ദിവസവും 25,000 സമൂസകൾ വിറ്റഴിക്കുന്ന ഒരു ഫാക്ടറി ഉണ്ടെന്ന് വിശ്വസിക്കാനാകുമോ? അടുത്തിടെ, ഈ ഓട്ടോമാറ്റിക് മെഷീൻ സഹായത്തോടെ തൊഴിലാളികൾ ധാരാളം സമൂസകൾ ഉണ്ടാക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു.
വൈറൽ വീഡിയോയിൽ, നന്നായി കഴുകുന്നതിനും തൊലി കളയുന്നതിനുമായി വലിയ അളവിൽ ഉരുളക്കിഴങ്ങ് ഡ്രം ആകൃതിയിലുള്ള മെഷീനിൽ കയറ്റുന്നു. എന്നിട്ട് അവ തിളപ്പിക്കുന്നതിനായി മറ്റൊരു ഉപകരണത്തിലേക്ക് മാറ്റുന്നു. അടുത്തതായി അവ ഒരു പാത്രത്തിൽ മസാലയും അരിഞ്ഞ മല്ലിയിലയും ഉപയോഗിച്ച് ചതച്ചെടുക്കുന്നു.
ഇതിനിടയിൽ മാവ് തയാറാക്കി യന്ത്രങ്ങളുടെ സഹായത്തോടെ പരത്തുന്നു. മാവ് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉരുളക്കിഴങ്ങ് മസാല തൊഴിലാളികൾ നിറയ്ക്കുന്നു. അവസാനം, ഈ സമൂസകൾ ചൂടായ എണ്ണയിൽ തവിട്ട് നിറമാകുന്നത് വരെ വറുത്ത് പച്ചമുളകിന്റെ കൂടെ വിളമ്പുന്നു. വൈറലായ വീഡിയോയുടെ വോയ്സ് നോട്ടിൽ സമൂസ ഒന്നിന് 12 രൂപയ്ക്ക് ലഭ്യമാണെന്ന് പറയുന്നുണ്ട്.
വീഡിയോ ഇതുവരെ ഒമ്പത് ദശലക്ഷത്തിലധികംആളുകൾ കണ്ടുകഴിഞ്ഞു. സമൂസ വറുക്കാൻ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ച് ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. ഡീസലിൽ വറുത്ത സമൂസ എന്നൊരാൾ കമന്റിട്ടു. സമൂസയ്ക്ക് അമിത വില ഈടാക്കിയതായും ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.