മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പലതരം വീഡിയോയകൾ സോഷ്യൽ മീഡിയയിൽ ധാരാളം വൈറലാകാറുണ്ട്. സ്വന്തം മക്കളെപ്പോലെ മൃഗങ്ങളെയും സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആഗി എന്ന പൂച്ചക്കുഞ്ഞും 82 കാരിയായ അവളുടെ ഉടമയുമാണ് വീഡിയോയിലെ താരം. ലോസ് ഏഞ്ചലസിലെ പാലിസേഡ്സ് കാട്ടുതീ കാതറിൻ കീഫറിനെയും ബാധിച്ചിരുന്നു. കാട്ടുതീ പടർന്നതിന് പിന്നാലെ കാതറിന്റെ വീടും ചാരമായി മാറി. ആ സമയത്താണ് ആഗിയെയും കാണാതായത്. ആഗിയും തീയിൽ പെട്ടിട്ടുണ്ടായിരിക്കാം, അവളുടെ ജീവനും നഷ്ടമായിരിക്കാം എന്നാണ് കാതറിൻ കരുതിയത്. മറ്റൊരു താമസ സ്ഥലത്തേക്ക് പോയെങ്കിലും തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വലിയ വേദനയിലായിരുന്നു അവർ.
കഴിഞ്ഞ ദിവസം കാതറിനെ തേടി ആ സുന്ദരമായ വാർത്ത എത്തിയതോടെ കാതറിന്റെ വിഷാദമെല്ലാം പന്പ കടന്നെന്ന് വേണമെങ്കിൽ പറയാം. കാര്യം മറ്റൊന്നുമല്ല, കാണാതായ അവളുടെ പൂച്ചക്കുട്ടി ആഗി തിരികെയെത്തി എന്നതാണ് ആ സന്തോഷ വാർത്ത. ആഗി തിരികെ ഉടമയുടെ കയ്യിലെത്തിയിരിക്കുന്ന ആ മനോഹരമായ വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നതാണ് വീഡിയോ.