മനുഷ്യരുമായി വേഗത്തിൽ ഇടപെഴകുന്ന ജീവികളാണ് നായകൾ. ഇരുവരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത്രമേൽ ഗാഡമായി സ്നേഹിച്ച് വളർത്തുന്ന അവയെ പെട്ടെന്നൊരു ദിവസം കാണാതായാൽ എന്താകും സ്ഥിതി. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പൊന്ന് പോലെ വളർത്തിയ പട്ടിക്കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചാണ് പട്ടിക്കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചത്.
കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഒരു വലിയ പാതയിലൂടെ മൂന്ന് കരടികള്‍ക്കൊപ്പം ഹസ്കി ഓടുന്നതാണ് കാണാൻ സാധിക്കുന്നത്.
കരടിക്കുട്ടൻമാരോടൊപ്പം അവയുടെ അമ്മയും കൂടെയുണ്ട്. യാതൊരു പേടിയും കൂടാതെ മുന്‍പെങ്ങോ പരിചയമുള്ള പോലാണ് കരടിക്കുട്ടികള്‍ക്കൊപ്പം പട്ടിക്കുഞ്ഞ് ചാടി നടക്കുന്നത്. ചാടി കളിക്കുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ വീഡിയോയിൽ കാണാൻ കഴിയുന്നത്.
വീഡിയോ പെട്ടെന്ന്തന്നെ വൈറലായി. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേരാണ് ഹസ്കിയെ കണ്ടത്. വീട്ടിൽ പോടാ പട്ടിക്കുഞ്ഞേ എന്നാണ് പലരും കമന്റ് ചെയ്തത്.