ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്.
ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്.
മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ് കൊച്ചുമകൻ മുത്തശ്ശിയെ കാണാൻ എത്തുന്നത്. ജോർഡി ഗാർണർ എന്ന പ്രൊഫഷണൽ ഗോൾഫ് പ്ലെയറാണ് വീഡിയോയിൽ ഉള്ള കൊച്ചുമകനെന്നും റിപ്പോർട്ടുകൾ പറയുന്നു.