ഇന്ന് എന്തു ചെയ്താലും വൈറലാകാറുള്ള കാലമാണ്. പല തരത്തിലുള്ള വീഡിയോകൾ ഇന്ന് വൈറലാകാറുണ്ട്. ചിലത് നമ്മെ ചിരിപ്പിക്കുന്നതാകാം. ചിലത് കരയിക്കും മറ്റ് ചിലതാകട്ടെ ചിന്തിപ്പിക്കുന്നതുമാകാം.
എങ്കിലും സന്തോഷം തരുന്ന വീഡിയോകളും വാർത്തകളും കാണാനും കേൾക്കാനും ഇഷ്ടമുള്ളവരാകും നമ്മളിൽ പലരും. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇന്നു വൈറലാകുന്നത്. ടീച്ചറും കുട്ടികളും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. വീട്ടിൽ നിന്നും സ്കൂളിലെത്തിയാൽ കുട്ടികളുടെ കൂട്ടുകാരും മാതാപിതാക്കളുമെല്ലാം ടീച്ചർമാരാണ്.
വയനാട് വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക അശ്വതി ടീച്ചറുടേയും കുട്ടികളുടേയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ക്ലാസിലേക്ക് കയറി വരുന്ന ടീച്ചറിനെ കണ്ടയുടൻതന്നെ ഓടിച്ചെന്ന് എടുക്കുന്ന കുട്ടിയാണ് വീഡിയോയിൽ.
പിന്നീട് തിരിച്ച് അശ്വതി ടീച്ചർ, തന്നെ എടുത്തുയർത്തിയ കുട്ടിയെ നിഷ്പ്രയാസം എടുത്ത് പൊക്കുന്നു. അതു കണ്ട് നിൽക്കുന്ന മറ്റു കുട്ടികൾക്കും തങ്ങളെയും ടീച്ചർ എടുക്കണമെന്നായി. അങ്ങനെ തന്റെടുത്ത് ഓടിയെത്തിയ കുട്ടിയെയും അമ്മയുടെ വാത്സ്യല്യത്തോടെ ടീച്ചർ എടുക്കുന്നു.
ടീച്ചറാണ്, അമ്മയാണ്, കൂട്ടുകാരിയാണ്, ചേച്ചിയാണ്, കാലം മാറി ടീച്ചർമാരും എന്ന കുറിപ്പോടു കൂടിയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.