വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കരുതുന്നവരാണു പലരും. പക്ഷേ, ജീവിതത്തിരക്കിനിടയിൽ അവയെ പരിചരിക്കുക എന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്.
ബംഗളൂരുവിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ യുവതി തന്റെ പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാൻ നടത്തുന്ന ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ കൗതുകമുള്ള വാർത്തയായി.
യുവതി രാവിലെ ജോലിസ്ഥലത്തേക്കു പോകുമ്പോൾ വീട്ടിൽ പൂച്ച തനിച്ചാകും. വീടിനുള്ളിൽ തനിച്ചു കഴിയേണ്ടി വരുന്ന പൂച്ചയുടെ വിഷമവും അപകടസാധ്യതകളും മനസിലാക്കിയ യുവതി ഇതിനു പരിഹാരമായി വളർത്തു പൂച്ചയെ ദിവസവും ഓഫീസിലേക്കു കൊണ്ടുപോകുന്നു.
പൂച്ചയെ ബാഗിലിട്ട് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കു പോകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തിരക്കേറിയ നഗരത്തിലൂടെ സ്കൂട്ടർ ഓടിക്കുന്ന യുവതിയുടെ പിന്നിൽ തൂക്കിയിട്ട ബാഗിൽ പൂച്ച കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.