മുംബൈ: സോഷ്യല്‍ മീഡിയ കൊട്ടിഘോഷിച്ച അനുഷ്ക-കോഹ് ലി വിവാഹ നിശ്ചയവാര്ത്തകള്ക്ക് അകാലചരമം. തന്റേയും അനുഷ്കയുടേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ ഒന്ന് ഉണ്ടായിരുന്നുവെങ്കില്‍ അത് മറച്ചുവയ്ക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തതോടെയാണ് ആരാധകരുടെ സംശയത്തിന് അറുതി വന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ ഗോസിപ്പുകള്‍ ആരാധകരില്‍ സംശയമുണ്ടാക്കുന്നുവെന്നും കോഹ് ലി പറഞ്ഞു. ഈ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് തന്റെ സന്ദേശമെന്നും കോഹ്ലി ട്വിറ്ററില്‍ കുറിക്കുന്നു.
ഈ പുതുവത്സരദിനത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും വിവാഹ നിശ്ചയ ചടങ്ങ് എന്നും വളരെ രഹസ്യമായി നടക്കുന്ന ചടങ്ങില്‍ ഇരു കുടുംബങ്ങളിലേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുകയെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. അമിതാഭ് ബച്ചനും ജയാ ബച്ചനും അംബാനിയുടെ കുടുംബത്തിന്റെയൊപ്പം ഉത്തരാഖണ്ഡിലേക്കു പോയത് കോഹ്ലിയുടെ വിവാഹനിശ്ചയ വാര്‍ത്ത കൂടുതല്‍ വിശ്വസനീയമാക്കി. എന്നാല്‍ ഇപ്പോള്‍ കോഹ് ലിയുടെ പ്രതികരണത്തോടെ എല്ലാം ആവിയായി പോയിരിക്കുകയാണ്. അനുഷ്ക ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.