ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആരോഗ്യത്തിൽ നിതാന്ത ജാഗ്രതയോടെ ഉന്നത നിലവാരത്തിൽ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻഐവി)യൂണിറ്റ്. കേന്ദ്രത്തിന്റെ കൊറോണ വൈറസ് നിർണയത്തിന് രാജ്യത്തെ ഉപരി സ്ഥാപനമായ പൂനെ എൻഐവി അംഗീകാരം നൽകിയത് പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി.
പുതുതലമുറ വൈറസായ കൊറോണ സംസ്ഥാനത്ത് തിരിച്ചറിഞ്ഞ ഉടൻ സർക്കാർ തക്ക നടപടി കൈക്കൊണ്ടിരുന്നു. ബയോസേഫ് ലെവൽ (ബിഎസ്എൽ)ടു പ്ലസ് എന്ന വിഭാഗത്തിൽപ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താൻവേണ്ട ബയോ സേഫ് ലെവൽ (ബിഎസ്എൽ)മൂന്ന് എന്ന തലത്തിലേക്കു അടിയന്തരമായി ഉയർത്തുകയായിരുന്നു.
പ്രതിദിനം 100 രക്തസാന്പിളുകളുടെ കൊറോണ വൈറസ് പരിശോധന ആലപ്പുഴ വൈറോളജി ലാബിൽ ഇപ്പോൾ നടത്താനാകുമെന്ന് ഓഫീസർ ഇൻ ചാർജ് ഡോ.എ.പി. സുഗുണൻ പറഞ്ഞു. 6 7 മണിക്കൂർകൊണ്ട് പരിശോധനാഫലം അറിയാനാകും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാന്പിളുകൾ നിശ്ചിത ഇടവേളകളിൽ ഇവിടെയെത്തിച്ച് നിരന്തരം പരിശോധന നടത്തിവരുന്നു.
നേരത്തെ പുനെയിലെത്തിച്ചു വേണമായിരുന്നു വൈറസ് നിർണയം നടത്താൻ. സമയനഷ്ടത്തിനു പുറമെ സുരക്ഷയുടെ ഉൾപ്പെടെ ഏറെ കടന്പകൾ താണ്ടേണ്ടിയുമിരുന്നു. ആലപ്പുഴ ലാബ് സുസജ്ജമായതോടെ പരിശോധന സുഗമവും വേഗത്തിലുമായി. ആർഎൻഎ വൈറസായ കൊറോണ തിരിച്ചറിയുന്നത് അതിന്റെ തനത് ഘടനയിൽ നിന്നാണ്.
മൂന്നു ഘട്ടങ്ങൾ ഉൾപ്പെട്ട പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. കൊറോണയ്ക്കു പുറമെ നിപ്പ, എലിപ്പനി, ഡെങ്കി, കരിന്പനി തുടങ്ങിയ വൈറസുകളെ ആലപ്പുഴ ലാബിൽ പരിശോധിച്ചു കണ്ടെത്താനാകും. മൊത്തം 33 തരം രോഗാണുക്കളെ കണ്ടെത്താനുള്ളസംവിധാനം ഇവിടെയുണ്ട്.
ആൻഡമാൻ റീജിയണൽ റിസർച്ച് സെന്ററിലെ ജി ഗ്രേഡ് ശാസ്ത്രജ്ഞനായ പരപ്പനങ്ങാടി സ്വദേശി ഡോ എ.പി. സുഗുണനെ കൊറോണ കേരളത്തിൽ തിരിച്ചറിഞ്ഞ ഉടൻ സംസ്ഥാന സർക്കാർ ആലപ്പുഴ ലാബിന്റെയും കൂടി ചുമതലയിൽ കൊണ്ടുവരികയായിരുന്നു. ഡോ. സുഗുണനു പുറമെ ഏഴു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സദാ ജാഗരൂകരായാണ് പ്രവർത്തിക്കുന്നത്.