കേരളത്തില്‍ വീണ്ടും നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനു പിന്നാലെ ചര്‍ച്ചയാകുന്നത് രക്തസാമ്പിളുകള്‍ പൂനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുന്നതില്‍ വരുന്ന കാലതാമസമാണ്. നിപ കണ്ടെത്തിയതിനു മൂന്നുവര്‍ഷം മുമ്പേ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 2015-ല്‍ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമായെങ്കിലും ലാബ് സ്ഥാപിക്കാനായില്ല. കഴിഞ്ഞ മേയ്-ജൂണില്‍ നിപ മരണം വിതച്ചപ്പോഴാണു കോഴിക്കോട്ട് ഒരുവര്‍ഷത്തിനകം അത്യാധുനിക വൈറോളജി ലാബ് സുസജ്ജമാകുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഒരുവര്‍ഷത്തിനിപ്പുറം നിപ ലക്ഷണങ്ങള്‍ വീണ്ടും കൊച്ചിയില്‍ കണ്ടെത്തി. ഇവിടെനിന്നു രക്ത സാമ്പിളുകള്‍ അയച്ചിരിക്കുന്നതും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണു തടസമെന്നോ ആരാണ് ഉത്തരവാദിയെന്നോ വ്യക്തമല്ല. നിപ പരിശോധന അധികം വൈകാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധ്യമാകുമെന്നാണ് മൈക്രോബയോളജി വിഭാഗം മേധാവി ബീന ഫിലോമിന പറയുന്നത്.
വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എന്നാല്‍, നിപ പരിശോധനയ്ക്കു ബയോസേഫ്റ്റി ലെവന്-3 ലാബ് വേണം. അതിനുള്ള കെട്ടിടവും അനുബന്ധപ്രവൃത്തികളും തുടങ്ങാന്‍ തീരുമാനമായെന്നും ബീന പറഞ്ഞു. നിപ കണ്ടെത്തിയതിനു മൂന്നുവര്‍ഷം മുമ്പേ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 2015-ല്‍ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമായെങ്കിലും ലാബ് സ്ഥാപിക്കാനായില്ല.
പിന്നീട്, നിരന്തരസമ്മര്ദത്തേത്തുടര്ന്ന് മൈക്രോ ബയോളജി വകുപ്പിനു കീഴില്‍ ലാബ് ആരംഭിച്ചു. ഡങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളുടെ പരിശോധന തുടങ്ങി. എന്നാല്‍, നിപ പോലെയുള്ള മാരകരോഗങ്ങളുടെ പരിശോധനയ്ക്കു സൗകര്യമില്ല. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും നിപ പരിശോധനയ്ക്കു സൗകര്യമൊരുക്കുമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. മണിപ്പാലിലെ സ്വകാര്യ ലാബില്‍ നിപ പരിശോധനയുണ്ടെങ്കിലും ഫലം പുനെ ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തണം. രോഗം സ്ഥിരീകരിക്കുന്നതില്‍ വരുന്ന കാലതാമസം പലപ്പോഴും രോഗികളുടെ ആരോഗ്യനില അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്.