മുക്കം: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പിഴയടക്കാൻ ഇനി കോടതിയിൽ നേരിട്ട് പോകേണ്ട. ഡൽഹിയിൽ നടപ്പിലാക്കിയ വെർച്വൽ കോടതികൾ കേരളത്തിൽ തുടങ്ങാൻ പോലിസിന് അനുമതി . പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് കോടതിയുടെ പ്രവർത്തനങ്ങൾ നടക്കുക.
ഈ ആപ്ലിക്കേഷൻ വഴിയായിരിക്കും ജഡ്ജി ആശയവിനിമയം നടത്തുക. ഏപ്രിൽ ഒന്നു മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെർച്വൽ കോടതികളുടെ പ്രവർത്തനം തുടങ്ങും.
വെർച്വൽ കോടതികളിലേക്ക് ഹൈക്കോടതിയാണ് വെർച്വൽ ജഡ്ജിമാരെ നിയമിക്കുക. ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയാൽ പോസ്റ്റ് ഓഫിസുകൾ വഴി വാഹന ഉടമയുടെ അഡ്രസിലേക്ക് സമൻസ് വരികയും ഉടമ കോടതിയിൽ നേരിട്ട് ഹാജരായി പിഴ അടക്കുകയുമാണ് നിലവിൽ ചെയ്യുന്നത്.
എന്നാൽ വെർച്വൽ കോടതികൾ വരുന്നതോടെ നിയമലംഘനം നടത്തിയ ആളുടെ മൊബൈലിലേക്ക് ഓൺലൈനായി സമൻസ് അയക്കുകയാണ് ചെയ്യുക.
ഫോണിലേക്ക് അയക്കുന്ന മെസേജിൽ ട്രാഫിക് നിയമലംഘനത്തിന്റെയും പിഴ അടക്കേണ്ട തുകയുടേയും വിവരത്തോടൊപ്പം പണമടക്കാനുള്ള ലിങ്കും ഉണ്ടാകും. ഇതിൽ കയറി പണം അടക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
വെർച്വൽ കോടതികൾ വരുന്നതോടെ സമൻസ് ലഭിക്കാനുള്ള കാലതാമസവും കോടതിയിൽ നേരിട്ട് ഹാജരാകേണ്ട ബുദ്ധിമുട്ടുകളും ഒഴിവാകും. കേരള പോലിസും മോട്ടോർ വാഹന വകുപ്പും വെർച്വൽ കോടതികളുമായി ബന്ധപ്പെട്ട് പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.