ടോക്കിയോ: നാൽപത്തിയൊന്നുകാരനായ അകിഹിക്കോ കൊണ്ടോ എന്ന ജപ്പാൻകാരന്റെ വിവാഹവാർഷികാഘോഷം ലോകമാകെ ചർച്ചയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഇയാളുടെ ഭാര്യ മനുഷ്യവർഗത്തിൽപ്പെട്ടതല്ല. സാങ്കൽപിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്സുൻ മിക്കു ആണു അകിഹിക്കോയുടെ സഹധർമിണി.
വോക്കലോയിഡ് സോഫ്റ്റ്വെയർ വോയ്സ് ബാങ്കായ ഹാറ്റ്സുൻ മിക്കുവിനെ (സിംഗിംഗ് വോയ്സ് സോഫ്റ്റ്വെയർ) 2007ൽ ക്രിപ്റ്റൺ ഫ്യൂച്ചർ മീഡിയയാണു പുറത്തിറക്കിയത്. ഈ കഥാപാത്രം പുറത്തിറങ്ങിയപ്പോൾതന്നെ അകിഹിക്കോ അതുമായി പ്രണയത്തിലായി. 2018ൽ ടോക്കിയോ ചാപ്പലിൽ ആർഭാടത്തോടെ വിവാഹ ചടങ്ങുകൾ നടന്നു.
ആറാം വിവാഹവാർഷികമാണ് കഴിഞ്ഞദിവസം നടത്തിയത്. വിവാഹവാർഷികത്തിൽ മുറിച്ച കേക്കിന്റെ രസീത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് അകിഹിക്കോ തന്റെ ജീവിതപങ്കാളിക്ക് ആശംസകൾ നേർന്നു.
സാങ്കൽപിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ‘ഫിക്ടോസെക്ഷ്വൽ’ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് താനെന്ന് ഈ ജപ്പാൻകാരൻ അവകാശപ്പെടുന്നു. തന്റെ വിഭാത്തിൽപ്പെടുന്ന സാങ്കൽപിക ലൈംഗികത ഇഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞവർഷം ഒരു അസോസിയേഷൻ സ്ഥാപിച്ചതായും ഇദ്ദേഹം പറയുന്നു.