കൊയിലാണ്ടി: വിവാഹവീടുകളിൽ ഗാനമേളയും ഗസലും ഒപ്പനയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹസൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്.
നാടകവേദികളിൽ ദീപ നിയന്ത്രണം ചെയ്യാറുള്ള ഷൈനു തന്റെ കല്യാണത്തിന് അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത് ക്ഷേമങ്കരി കലാവേദി ചേമഞ്ചേരി അവതപ്പിച്ച “അഗ്നിച്ചിലമ്പ്’ എന്ന നാടകമായിരുന്നു.
സംഘകാലത്തെ പഞ്ചമഹാകാവ്യങ്ങളിൽ പ്രഥമ ഗണനീയമായ ചിലപ്പതികാരത്തിലെ കണ്ണകിയെയും തുടർന്ന വന്ന മണിമേഖല എന്ന കാവ്യത്തിലെ മാധവിയെ ബന്ധിപ്പിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ഷൈനു തന്നെ ദീപനിയന്ത്രണം നിർവഹിച്ച നാടകം സംവിധാനം ചെയ്തത് ദീപു തൃക്കോട്ടൂരാണ്. രചന ഡോ. അജിത് ബാബു. കഴിഞ്ഞ ദിവസമായിരുന്നു ഷൈനുവിന്റെ വിവാഹം. നാടകം കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും നാടകപ്രമികളുമായി നിരവധി പേർ എത്തി.