കൊച്ചി: വേനല്‍ച്ചൂട് കൂടുമ്പോള്‍ എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നത് ഏറെ ആശ്വാസം പകരുമെങ്കിലും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചില മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ (ഇഎംസി) കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. ശാലിനി വിനോദ്.
എയര്‍കണ്ടീഷണറുകളുടെ ഫില്‍റ്റര്‍ ക്ലീന്‍ ആണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രാത്രിയില്‍ അടച്ചിടുന്ന മുറികളില്‍ പകല്‍ വായുസഞ്ചാരം ഉറപ്പാക്കണം. പകല്‍ ജനലുകള്‍ തുറന്നിടുന്നത് സൂര്യപ്രകാശത്തില്‍ മുറിയിലെ രോഗാണുക്കള്‍ നശിക്കുന്നതിനു സഹായകരമാകും.
തൊഴിലിടങ്ങളിലും ക്രോസ് വെന്റിലേഷന് അഥവാ വായുസഞ്ചാരം ഉറപ്പാക്കണം. ടാക്സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ അടഞ്ഞ കാബുകള്‍ ഒഴിവാക്കണം.
പലപ്പോഴും വാഹനത്തിനുള്ളിലെ വായുതന്നെയാണ് എയര്‍ കണ്ടീഷണറുകളിലൂടെ തണുപ്പിച്ചു വീണ്ടുമെത്തുന്നത്. ഇത് പലര് സഞ്ചരിക്കുന്ന വാഹനങ്ങളില്‍ വൈറസ് വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നും ബോധവത്കരണത്തിന്റെ ഭാഗമായി ഡോ. ശാലിനി വിനോദ് പറഞ്ഞു.
രോഗപ്രതിരോധശേഷി കൂട്ടാന്‍ വീട്ടില്‍ തയാറാക്കുന്ന ഭക്ഷണമാണ് ഉത്തമം. തണുപ്പ് വൈറസിന്റെ വ്യാപനം കൂട്ടുമെന്നതിനാല്‍ തണുത്ത പാനീയങ്ങളും ഭക്ഷണവും ഒഴിവാക്കണം.
കൊറോണ വൈറസിനെ പേടിച്ച് മത്സ്യ-മാംസാഹാരങ്ങള്‍ ഒഴിവാക്കണമെന്നില്ല. തൊണ്ടവേദന ജലദോഷം ചെറിയപനി എന്നിവയാണ് വൈറസ്ബാധയുടെ പ്രധാനലക്ഷണങ്ങളെങ്കിലും ചിലരില്‍ വയറിളക്കവും വിശപ്പില്ലായ്മയും രോഗലക്ഷണങ്ങളാകുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ പാലിക്കുന്ന കര്‍ശന പ്രതിരോധമാര്‍ഗങ്ങള്‍ വീട്ടിലും ഉറപ്പാക്കണമെന്നും ഡോ. ശാലിനി പറഞ്ഞു.