കോഴിക്കോട്: 2014 മുതൽ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷിപ്പനി മറ്റു പക്ഷി വർഗങ്ങളിലേക്കു പകരുന്നതും മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ളതും ആശങ്കയുളവാക്കുന്നു. ഇത്തവണ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനിക്കു കാരണം പുതിയ ഇനം വൈറസാണെന്ന പരിശോധനാ ഫലങ്ങളും ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
2014 ൽ കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് കോഴികളിലും താറാവുകളിലും മാത്രമാണ്. 2024 ആയപ്പോഴേക്കും കാടക്കോഴി, കാക്ക, കൊക്ക് വർഗത്തിൽപ്പെട്ട എഗ്രെറ്റ്, കൈറ്റ്, പീഹെൻ, പ്രാവ് എന്നീ പക്ഷികളിലും പക്ഷിപ്പനി ബാധിച്ചതായാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽനിന്നു ലഭിച്ച പരിശോധനാ ഫലം. അതിനിടെയാണ് കഴിഞ്ഞമാസം പശ്ചിമ ബംഗാളിൽ നാലുവയസുള്ള ബാലന് പക്ഷിപ്പനി ബാധിച്ചതായ വാർത്തകൾ പുറത്തുവന്നത്.
കേരളത്തിൽ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജനിതക സാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരെയും ബാധിക്കുന്നവയാണെന്നും വളരെ പെട്ടെന്ന് ജനിതക വ്യതിയാനങ്ങൾ നടക്കുന്നതിനാൽ ജാഗ്രത അനിവാര്യമാണെന്നുമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പു നൽകുന്നത്.
പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ളുവൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതക ഘടനയാർജിച്ച് കോവിഡ് 19 വൈറസുകളെ പോലെ ആഗോള മഹാമാരിയായി മാറിയേക്കാമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ മേയിൽ അമേരിക്കയിൽ പാസ്ചറൈസ്ഡ് മിൽക്കിൽനിന്നുള്ള സാന്പിളുകളിൽ ഹൈലി പാതോജനിക് എവിയൻ ഇൻഫ്ളുവൻസയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽനിന്നു പശു, എരുമ, ആട് എന്നിവയുടെ പാൽ, മൃഗങ്ങളുടെ മൂക്കിൽ നിന്നുള്ള സ്രവം എന്നിവയുടെ സാന്പിളുകളും തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പക്ഷികളുടെ സാന്പിളുകളും പരിശോധിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.
പക്ഷിപ്പനി വ്യാപനം തടയാനായി കേന്ദ്ര സർക്കാരിന്റെ 2021ലെ ഏവിയൻ ഇൻഫ്ളുവൻസ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതി’ പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്നത്. കൂടുതൽ ജലാശയങ്ങളുള്ള കുട്ടനാട്ടിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉദേശിച്ച ഫലം കാണുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കാൻ ആധുനിക സംവിധാനങ്ങളുള്ള ലാബ് ഇല്ലാത്തതും യഥാസമയം പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനു തടസമാകുന്നുണ്ട്.