കാട്ടാക്കട : വൈറസ് രോഗ ബാധയെത്തുടർന്ന് കാപ്പുകാട്ടിലെല ആന പരിപാലന കേന്ദ്രത്തിൽ ഒരു ആന കൂടി ചരിഞ്ഞു. നാല് വയസ്സുള്ള അർജുൻ ആണ് ഇന്നു രാവിലെ ചരിഞ്ഞത്. ഇവിടെ ശ്രീകുട്ടിഎന്ന ആന ചരിഞ്ഞതും ഈ വൈറസ് ബാധയെ തുടർന്ന്.ഇന്നല മുതൽ അർജുൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.
പോസ്റ്റ്മാർട്ടം നടത്തി ആന്തരിക അവയവങ്ങൾ വെറ്റിറിനറി ലാബിലേക്ക് അയക്കും.ഒരാഴ്ച മുൻപാണ് വൈറസ് ബാധ മൂലം ശ്രീകുട്ടി ചരിഞ്ഞത്. കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തതിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് .
ആനയുടെ ആന്തരികാവയവങ്ങൾ പാലോട്ടുള്ള വെറ്റിറിനറി ലാബിലേയ്ക്ക് അയച്ചതിന്റെ റിപ്പോർട്ട് ലഭിച്ചതോടെയാണ് വൈറസ് ബാധയെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിന്റെ പേര്.
10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. ഏഷ്യൻ ആനകളിലാണ് ഈ രോഗം പിടിക്കുന്നത്. സാധാരണ കുഞ്ഞ് ആനകളിലാണ് ഈ വൈറസ് ബാധ കടന്നുകയറുന്നത്. ഇപ്പോൾ പിന്നാലെ കാപ്പുകാട്ടിലെ മറ്റ് രണ്ട് ആനകൾക്കും വൈറസ് ബാധയുണ്ട്.
അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ കണ്ണൻ എന്ന ആനക്കുട്ടിക്കും കുളത്തൂപ്പൂഴയിൽ നിന്നും കൊണ്ടു വന്ന ആമീന എന്ന ആനകുട്ടിക്കും ഇതേ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
10 വയസ്സിന് മുകളിലുള്ള ആനകൾക്ക് വൈറസ് ബാധ വന്നാൽ അതിനുള്ള സ്വാഭാവിക പ്രതിരോധശക്തി കൈവരുമെന്നും ചരിയാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടികാട്ടപ്പെടുന്നു. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും ഡോക്ടർമാർ പറയുന്നു.
മുൻകരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനിൽ കുമാർ അറിയിച്ചു.
മൂന്നു വയസായ കണ്ണനെയും , ഒന്നര വയസായ ആമിനയെയും കൂടാതെ റാണ ( 8) , രാജ ( 6) , പൊടിച്ചി( 5) , പൂർണ( 4 ) ,മനു( 4 ) , മായ( 3 എന്നിവരും അടുത്തിടെ എത്തിച്ച രാജു എന്ന ഒന്നരവയസ്സുകാരനുമാണ് കാപ്പുകാട്ടെ കുട്ടിയാനകൾ