മനുഷ്യരാശിയുടെ ഭാവിയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കൊറോണ തേരോട്ടം തുടരുകയാണ്. മനുഷ്യന് കീഴടക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് പുതിയ വകഭേദങ്ങളിലൂടെ കൊറോണ കുതിയ്ക്കുകയാണ്.
ദക്ഷിണ കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തില്‍ കാണുമെന്നാണ്.
ഒരു മനുഷ്യന്റെ രക്തത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. ഡെല്‍റ്റബാധിച്ചവരില്‍ വൈറല്‍ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.
എന്നാല്‍, ഇതിനര്‍ത്ഥം ഡെല്‍റ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല എന്ന് ഗവേഷകര്‍ പ്രത്യേകം പറയുന്നു.
രോഗത്തിന്റെ തുടക്കത്തില്‍ വൈറല്‍ ലോഡ് കൂടുതലാവുമെങ്കിലും ക്രമേണ അളവ് കുറഞ്ഞു വരുമെന്നും അവര്‍ പറയുന്നു.
വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസിനേക്കാള്‍ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെല്‍റ്റയ്ക്കുള്ളതെന്ന് ഇവര്‍ പറയുന്നു.
കെന്റ് വകഭേദത്തേക്കാള്‍ 1.6 ഇരട്ടിയും. വൈറല്‍ ലോഡ് അധികമാകുമ്പോള്‍ മറ്റൊരാളിലേക്ക് രോഗം പകരുവാനുള്ള സാധ്യത വര്‍ദ്ധിക്കും എന്നും ഇവര്‍ പറയുന്നു.
ഡെല്‍റ്റ വകഭേദം ബാധിച്ച 1848 രോഗികളുടെ വൈറല്‍ ലോഡിനെ മറ്റു വകഭേദങ്ങള്‍ ബാധിച്ച 22,106 രോഗികളുടെ വൈറല്‍ ലോഡുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്.
മൂന്ന് ഇരട്ടിയോളം അധികമാകുന്ന വൈറല്‍ ലോഡ് നാലു ദിവസം കഴിയുമ്പോള്‍ തന്നെ 30 ഇരട്ടിയായി കുറയുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
അതുകൊണ്ടു തന്നെ രോഗം ബാധിച്ച ഉടനെ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം കൂടുതല്‍ ഗുരുതരമാകാതെ സൂക്ഷിക്കാം എന്നും ഇവര്‍ പറയുന്നു.
കോവിഡ് സുഖപ്പെട്ട ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവരില്‍ അപകട സാധ്യത കൂടുതലാണെന്നും ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വന്ന് സുഖം പ്രാപിച്ചവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വന്നാല്‍ അപകടകരമാം വിധം രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ബിര്‍മ്മിങ്ഹാമിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വീനസ് ത്രോംബോഎംബോലിസം എന്ന അത്യന്തം അപകടകരമായ രക്തം കട്ടപിടിക്കല്‍ കോവിഡുമായി ബന്ധപ്പെട്ട് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറാഴ്ച്ചകള്‍ക്കുള്ളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരില്‍ ഇതിനുള്ള സാധ്യത രണ്ടിരട്ടിയാണെന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ അവസ്ഥ പക്ഷെ എങ്ങനെയാണ് വൈറസ് ഉണ്ടാക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.
അനസ്റ്റേഷ്യ എന്ന ജേര്‍ണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 115 രാജ്യങ്ങളിലായി 1,630 ഓളം ആശുപത്രികളില്‍ വിവിധ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1,28,013 പേരുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്.